പേരാമ്പ്ര: ഓരോ വർഷത്തെയും മലവെള്ളപ്പാച്ചിലിൽ കടന്തറ പുഴയോരം ഇടിഞ്ഞ് തീരുമ്പോൾ സങ്കടത്തിലാവുന്നത് ചെമ്പനോട അമ്മ്യാം മണ്ണിലെ നിരവധി കർഷകരാണ്. കുതിച്ചെത്തുന്ന പ്രളയജലം ഫലഭൂയിഷ്ടമായ കൃഷിഭൂമിയെയും കൊണ്ടാണ് പോകുന്നത്. കായ്ഫലമുള്ള തെങ്ങുകളും മറ്റും പുഴയിലേക്ക് കടപുഴകി വീഴുകയാണ്.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് അമ്മ്യാം മണ്ണ്. മുൻ വർഷങ്ങളിൽ ഇടിഞ്ഞുവീണ 100 മീറ്ററോളം ഭാഗം ഭിത്തി നിർമിച്ച് പഞ്ചായത്ത് സംരക്ഷിച്ചിട്ടുണ്ട്. അതേസമയം, ഇക്കഴിഞ്ഞ ജൂലൈ അവസാനമുണ്ടായ ഉരുൾപൊട്ടലിൽ കനത്തതോതിൽ തീരമിടിയുകയുണ്ടായി. ഓരോ പ്രളയത്തിലും പുഴയുടെ ഗതി മാറുകയാണ്. ഇതാണ് പ്രധാന വിനാശ കാരണവും. ചെമ്പനോട സ്കൂൾമുതൽ പുഴയുടെ ഒഴുക്ക് ഗതി നേരെയാക്കിയാൽ പ്രശ്നത്തിനു പരിഹാരമാവുമെന്ന് കർഷകർ പറയുന്നു.
പുഴക്കുള്ളിലെ സ്വകാര്യ തുരുത്ത് ഭൂമി സർക്കാർ വില നൽകി ഏറ്റെടുത്ത് പുഴ നേരെയാക്കിയും പ്രശ്നം പരിഹരിക്കാനാകും. ചെമ്പനോട മേലെ അങ്ങാടി പുഴഭാഗത്ത് വർഷങ്ങൾക്കു മുമ്പ് സമാന പ്രശ്നം ഉടലെടുത്തപ്പോൾ ഫണ്ട് വകയിരുത്തി കരാർ നൽകി പുഴ നേരെയാക്കി ചക്കിട്ടപാറ പഞ്ചായത്ത് നാട്ടുകാരെ സഹായിച്ചിരുന്നു. ഈ രീതി അവലംബിക്കുന്നതിനോടൊപ്പം അമ്മ്യാം മണ്ണിൽ പുഴയോര സംരക്ഷണ ഭിത്തി നിർമിക്കാനും നടപടി സ്വീകരിക്കണമെന്നു വാർഡ് മെംബർ കെ.എ. ജോസ് കുട്ടി പറഞ്ഞു. മേജർ ഇറിഗേഷൻ വകുപ്പാണ് ഇതിൽ നടപടി സ്വീകരിക്കേണ്ടത്. പ്രളയജലം മൂലം അമ്മ്യാം മണ്ണിൽ ദുരിതമനുഭവിക്കുന്ന കർഷകരെ മുൻ മാതൃകയിൽ സഹായിക്കാൻ ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് കെ. സുനിൽ അറിയിച്ചു.
പ്രദേശത്ത് ഏറ്റവും കൂടുതൽ കൃഷി ഭൂമി നശിച്ചത് പറമ്പുകാട്ടിൽ വർഗീസിനാണ്. 20 സെന്റോളം ഇദ്ദേഹത്തിന് മാത്രമായി ഇതിനോടകം നഷ്ടപ്പെട്ടിട്ടുണ്ട്. ബേബി പറമ്പുകാട്ടിൽ, വേനകുഴിയിൽ ജോൺ എന്നിവരും ഭൂനഷ്ടം നേരിട്ടവരാണ്. എണ്ണൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിനും പഞ്ചായത്ത് റോഡിനും പ്രളയവും പുഴയോരമിടിയലും ഭീഷണിയാണ്. സർക്കാർ ഏജൻസികൾ സത്വര ശ്രദ്ധയും പരിഗണനയും നൽകി അമ്മ്യാം മണ്ണിലെ കർഷകരെ രക്ഷിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് പൊതു പ്രവർത്തകൻ ജയേഷ് ചെമ്പനോട ആവശ്യപ്പെട്ടു.