മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിലെ അശാസ്ത്രീയ പ്രവൃത്തിമൂലം യാത്രക്കാർ ദുരിതത്തിൽ. കോടികൾ മുടക്കി നവീകരിച്ച റോഡിൽ മിക്കയിടത്തും നിരവധി പ്രശ്നങ്ങളാണുള്ളത്. മുക്കം മുത്തേരിയിൽ റോഡിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് വലിയ ദുരിതമാണ് സമ്മാനിക്കുന്നത്.
നല്ലൊരു മഴ പെയ്തുകഴിഞ്ഞാൽ വെള്ളം റോഡിലൂടെ കുത്തിയൊലിച്ച് ഒഴുകുകയാണ് പതിവ്. ഇതുമൂലം വിദ്യാർഥികളും വ്യാപാരികളും മറ്റു കാൽനടയാത്രക്കാരും ഏറെ ദുരിതത്തിലാണ്. കൂടാതെ റോഡിലെ വലിയ കുഴികൾ അപകടഭീഷണിയുമാണ്.
കരാർ കമ്പനിയുടെ റോഡ് നിർമാണത്തിലെ അപാകതകൾക്കെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുണ്ട്. ദുരിതത്തിന് പരിഹാരം കാണാൻ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു മുന്നോട്ടുപോവാനാണ് നാട്ടുകാരുടെ തീരുമാനം.