കുറ്റ്യാടി: സാമൂഹികാരോഗ്യ കേന്ദ്രമായിരുന്ന കാലത്ത് കുറ്റ്യാടി ഗവ. ആശുപത്രിയിൽ പ്രസവം, പോസ്റ്റ്മോർട്ടം എന്നിവ മുടക്കംകൂടാതെ നടന്നിരുന്നു. താലൂക്ക് ആശുപത്രിയായി ഉയർത്തിയതോടെ എല്ലാം അവതാളത്തിലായെന്ന് നാട്ടുകാർ. ആവശ്യത്തിന് ഡോക്ടർമാരില്ലെന്ന കാരണം പറഞ്ഞ് പ്രസവ വാർഡ് രണ്ടു കൊല്ലത്തോളമായും പോസ്റ്റ്മോർട്ടം സെന്റർ മാസങ്ങളായും അടച്ചിട്ടിരിക്കയാണ്.
മുമ്പ് ഒരു ഗൈനക്കോളജിസ്റ്റുള്ളപ്പോൾ പ്രസവ കേസുകൾ എടുത്തിരുന്നു. ഡോക്ടർമാർ കുറഞ്ഞാലും പോസ്റ്റ്മോർട്ടം സെന്റർ അടച്ചിട്ടിരുന്നില്ല. ഇപ്പോൾ ഗൈനക്കോളജിസ്റ്റ് രണ്ടുണ്ടായിട്ടും പ്രസവ വാർഡ് തുറക്കാനായില്ല. മൂന്ന് ഗൈനക്കോളജിസ്റ്റ് വേണമെന്നാണത്രേ പുതിയ വ്യവസ്ഥ.
പ്രസവ ചികിത്സ മുടങ്ങിയ പ്രശ്നം സ്ഥലം എം.എൽ.എ നിയമസഭയിൽ എത്തിക്കുകയും വകുപ്പ് മന്ത്രി ആശുപത്രി സന്ദർശിക്കുകയും ചെയ്തതാണ്. എന്നിട്ടും പരിഹാരമായില്ല. പ്രസവത്തിന് ഇപ്പോൾ നിർധനർപോലും സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട സ്ഥിതിയാണ്. ആശുപത്രിയിൽ ഏതാനും ദിവസം വരെ ഗൈനക്ക് ഒ.പിയുണ്ടായിരുന്നു. നിലവിലുണ്ടായിരുന്ന ഒരാൾ സ്ഥലം മാറിപ്പോയതിനാൽ അതും നിലച്ചു. പുതിയ ഒരാൾ നിയമിതനായിട്ടും ചാർജ് എടുത്തില്ലെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഈ പ്രശ്നം ഉൾപ്പെടെ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം സ്ഥലം എം.എൽ.എ, ഡി.എം.ഒ, എൻ.ആർ.എച്ച്.എം ഓഫിസർ, ബ്ലോക്ക് ഭാരവാഹികൾ എന്നിവരുടെ യോഗം ചേർന്നിരുന്നു.
പോസ്റ്റ്മോർട്ടം ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ഒരു മാസത്തേക്കുള്ള ഡോക്ടർമാരുടെ ഷെഡ്യൂൾ മുൻകൂട്ടി തയാറാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. താമസിക്കാൻ ആവശ്യമായ ക്വാർട്ടേഴ്സ് ഇല്ലാത്തതിനാൽ ദൂരദിക്കിൽനിന്ന് നിയമിക്കുന്ന ഡോക്ടർമാർ വരാൻ മടിക്കുന്നുണ്ടെന്നും അതിന് പരിഹാരമെന്നോണം രണ്ടു കോടിയുടെ ക്വാർട്ടേഴ്സ് പണിയുന്നുണ്ടെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. എല്ലാം ഒത്തുവരാൻ ഇനി എത്രകാലംകൂടി വേണ്ടിവരുമെന്നാണ് നാട്ടുകാരുടെയും രോഗികളുടെയും ചോദ്യം.