കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തയാറായ ക്ഷേത്രങ്ങൾക്ക് കോടതി വിധി വിലങ്ങുതടിയാകുമെന്ന് ആശങ്ക. വയനാട്ടിലെ ഉരുൾപൊട്ടലിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ ഹിന്ദു മത ധർമസ്ഥാപന (ഭരണ) വകുപ്പിന്റെ (എച്ച്.ആർ ആൻഡ് സി) കീഴിലുണ്ടായിരുന്നതും 2008ൽ മലബാർ ദേവസ്വം ബോർഡ് രൂപവത്കരിച്ചതോടെ ബോർഡിന്റെ ഭരണ നിയന്ത്രണത്തിലുള്ളതുമായ ക്ഷേത്രങ്ങൾ പലതും തയാറാണെങ്കിലും നടപടികൾ ഭയന്ന് വിട്ടുനിൽക്കുകയാണ്.
കഴിഞ്ഞ പ്രളയകാലത്ത് ഗുരുവായൂർ ദേവസ്വം ബോർഡ് നൽകിയ സംഭാവന നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ഭക്തർ നൽകിയ കേസിൽ തുക തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടിരുന്നു. ഈ വിധിയാണ് പല ക്ഷേത്രങ്ങൾക്കും ആശങ്ക തീർക്കുന്നത്.
മലബാർ ദേവസ്വം ബോർഡിന് കീഴിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും തൃശൂർ ജില്ലയിൽ ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലും എറണാകുളം ജില്ലയിലെ ഫോർട്ട് കൊച്ചിയിലെ രണ്ടുക്ഷേത്രവും ഉൾപ്പെടെ 1451 ക്ഷേത്രങ്ങളാണുള്ളത്. ഇതിൽ മിക്ക ക്ഷേത്രങ്ങളും നല്ല വരുമാനമുള്ളവയും സംഭാവന നൽകാൻ തയാറുമാണ്. ദേവസ്വം ബോർഡ് അധികൃതർ നിർബന്ധിതമായി പണം നൽകണമെന്ന് ആവശ്യപ്പെടാൻ ബോർഡിന് കഴിയില്ലെങ്കിലും ദുരന്തത്തിൽ സഹായിക്കാൻ ക്ഷേത്രങ്ങൾ സ്വമേധയാ സംഭാവന നൽകിയാൽ തങ്ങൾ അത് അംഗീകരിക്കുമെന്നുമാണ് മലബാർ ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്. സംഭാവന നൽകാനുള്ള ശ്രമത്തെ തങ്ങൾ ഒരിക്കലും തടയില്ലെന്നതാണ് നിലപാടെന്നും പണം നൽകാൻ ഒരു ക്ഷേത്ര കമ്മിറ്റിയോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എച്ച്.ആർ ആൻഡ് സി ഡെപ്യൂട്ടി കമീഷണർ പറഞ്ഞു. മറ്റ് ദേവസ്വം ബോർഡുകളിൽനിന്ന് വ്യത്യസ്തമായി എച്ച്.ആർ ആൻഡ് സി മേൽനോട്ട സമിതി മാത്രമാണെന്നും ഇതിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾ സ്വയംഭരണാവകാശമുള്ളവയാണെന്നും ഡെപ്യൂട്ടി കമീഷണർ പറഞ്ഞു.