കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരും കോളജ് പ്രിന്‍സിപ്പലും തമ്മിലെ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ആദ്യവർഷ ബിരുദ ക്ലാസുകള്‍ക്കുള്ള അഡ്മിഷന് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. വിദ്യാർഥി പ്രവേശനത്തോടനുബന്ധിച്ച് കാമ്പസിനകത്ത് ഹെൽപ് ഡെസ്ക് ഇടാന്‍ അനുവാദം ചോദിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
കോളജിലെ പഠിതാക്കളായ വിദ്യാര്‍ഥികളിൽ ചിലർ തന്നെ സമീപിച്ചെന്നും എന്നാൽ അതിന്റെ ആവശ്യമില്ലെന്നുപറഞ്ഞ് അവരെ മടക്കി അയച്ചതിനുപിന്നാലെ പുറത്തുനിന്നുള്ളവരുള്‍പ്പെടെ ഒരു സംഘമെത്തി തന്നെ ആക്രമിച്ചെന്നാണ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്കരന് പറയുന്നത്. ആക്രമണത്തിൽ നിന്ന് തന്നെ സംരക്ഷിക്കാന്‍ ശ്രമിച്ച സഹപ്രവര്‍ത്തകരെയും മര്‍ദിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രിൻസിപ്പൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കൈക്ക് പരിക്കുണ്ടെന്നും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പ്രിൻസിപ്പലിന്റെ മുഖത്ത് അടിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതേസമയം, കോളജ് പ്രവേശത്തിന് എത്തുന്ന വിദ്യാർഥികളെ സഹായിക്കാൻ ഹെൽപ് ഡെസ്ക് ഇടാന്‍ അനുവാദം ചോദിച്ചെത്തിയ എസ്.എഫ്.ഐ ഏരിയ പ്രസിഡന്റ് ബി.ആര്. അഭിനവിനെ പ്രിന്‍സിപ്പല്‍ മര്‍ദിക്കുകയായിരുന്നുവെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.
അഭിനവിന്റെ ചെവിക്ക് പരിക്കുണ്ടെന്നും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ, പ്രാഥമിക ചികിത്സ തേടിയെന്നും വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെന്നും എസ്.എഫ്.ഐ പ്രവർത്തകർ അറിയിച്ചു.