തിരുവമ്പാടി: സ്വർണമാല പിടിച്ചുപറി കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വർഷം നിരവധി സ്ത്രീകളുടെ സ്വർണമാല പിടിച്ചുപറിച്ച സംഭവങ്ങളിലെ പ്രതിയായ കൊണ്ടോട്ടി കൊട്ടപ്പുറം ചോലയിൽ ഹാരിസ് എന്ന റിയാസ് (35)നെയാണ് കോഴിക്കോട് റൂറൽ എസ്.പി ഡോ. അർവിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്പെഷൽ സ്ക്വാഡ് കൊട്ടപ്പുറത്തുനിന്ന് പിടികൂടിയത്.
ഏപ്രിൽ ഒമ്പതിന് തിരുവമ്പാടി-ഗേറ്റുംപടി റോഡിൽ വീട്ടമ്മയായ മുത്തിയോട്ടുമ്മൽ കൂളിപ്പാറ കല്യാണിയുടെ മൂന്നേകാൽ പവനുള്ള സ്വർണമാല പൊട്ടിച്ച് സ്കൂട്ടറിലെത്തിയ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. മുക്കം, അരീക്കോട്, കോഴിക്കോട്, കുന്ദമംഗലം, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലെ നാൽപതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസിന് ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് സൂചന കിട്ടിയിരുന്നില്ല.
മാർച്ച് 28ന് തേഞ്ഞിപ്പലം കാക്കഞ്ചേരിയിൽ നടന്നുപോവുകയായിരുന്ന രാമനാട്ടുകര മാലീരി വീട്ടിൽ രാധാമണിയുടെ ഒന്നര പവൻ മാലയും മാർച്ച് 30ന് വാഴക്കാട് പരപ്പത്തുവെച്ച് കോലോത്തും കടവ് പുല്ലഞ്ചേരി വീട്ടിൽ ശോഭനയുടെ സ്വർണമാലയും പൊട്ടിച്ച് രക്ഷപ്പെട്ട സംഭവമുണ്ടായി. ഇതോടെയാണ് പൊലീസ് സംഘം അന്വേഷണം മലപ്പുറം ജില്ലയിലേക്കു വ്യാപിപ്പിച്ചത്.
എല്ലാ കവർച്ചകളിലും നീല കളർ ജൂപിറ്റർ സ്കൂട്ടറാണ് പ്രതി ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.ഏപ്രിൽ 18ന് തേഞ്ഞിപ്പലം കൊളക്കാട്ടുചാലിൽവെച്ച് സ്കൂട്ടർ യാത്രികയുടെ നാലര പവൻ സ്വർണമാലയും ഏപ്രിൽ 23ന് വാഴക്കാട് വാഴയൂർ പുഞ്ചപ്പാടം ജിബി ബൽരാജിന്റെ സ്വർണ ചെയിൻ ലോക്കറ്റും ഏപ്രിൽ 24ന് കോഴിക്കോട് മലാപ്പറമ്പ് ബൈപാസിൽ സ്കൂട്ടർ യാത്രികയുടെ അഞ്ച് പവൻ സ്വർണമാലയും പിടിച്ചുപറിച്ചു. ആളൊഴിഞ്ഞ പോക്കറ്റ് റോഡുകളാണ് പ്രതി കവർച്ചക്ക് തിരഞ്ഞെടുത്തിരുന്നത്.
പ്രതിയെ താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. താമരശ്ശേരി ഡിവൈ.എസ്.പി എം.പി. വിനോദിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ഇൻസ്പെക്ടർ എ. അനിൽ കുമാർ, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ്ബാബു, പി. ബിജു, സീനിയർ സി.പി.ഒ.മാരായ എൻ.എം. ജയരാജൻ, പി.പി. ജിനീഷ്, വി.കെ. വിനോദ്, ടി.പി. ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.