വടകര: കൈനാട്ടി മേൽപാലത്തിന് സമീപം യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏറാമലയിലെ എടോത്ത് മീത്തൽ വിജീഷിനെനെയാണ് (33) വടകര ഡിവൈ.എസ്.പി കെ. വിനോദ്കുമാർ അറസ്റ്റ് ചെയ്തത്. വടകര താഴെ അങ്ങാടി വലിയവളപ്പ് കരകെട്ടി ചെറിയകണ്ടി ഫാസിൽ (39) മരിച്ച സംഭവത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023 സെപ്റ്റംബർ 13ന് രാവിലെ ആറോടെയാണ് ഫാസിലിനെ കൈനാട്ടി മേൽപാലത്തിന് സമീപം മരിച്ചനിലയിൽ കാണപ്പെട്ടത്. മരണത്തിന് അഞ്ച് ദിവസം മുമ്പാണ് ബഹ്റൈനിൽനിന്ന് ഇയാൾ നാട്ടിലെത്തിയത്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് മൃതദേഹം കണ്ടത്. തൊട്ടടുത്ത് ചോര പുരണ്ടനിലയിൽ ഇയാളുടെ ആക്ടിവ സ്കൂട്ടറുമുണ്ടായിരുന്നു. ലഹരി മരുന്ന് അമിതമായി കുത്തിവെച്ചതിനെ തുടർന്നായിരുന്നു മരണം. ലഹരി മരുന്ന് ഉപയോഗിച്ച ഇയാളോടൊപ്പം കൂടുതൽ പേരുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്ന് പേർക്കെതിരെ വടകര പൊലീസ് നരഹത്യക്ക് കേസെടുത്തിരിന്നു.
കഴിഞ്ഞദിവസം ഏറാമല കുന്നുമ്മക്കരയിൽ ലഹരിമരുന്ന് സംഘത്തിൽപെട്ട രണ്ടു പേരെ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിനുശേഷം നടത്തിയ ശക്തമായ അന്വേഷണത്തിലാണ് ലഹരിമരുന്ന് സംഘത്തിൽപെട്ട വിജീഷിനെപ്പറ്റി വിവരം ലഭിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഫാസിലിന്റെ മരണവുമായി ബന്ധപ്പെട്ട ചുരുളഴിയുന്നത്. കുന്നുമ്മക്കരയിലെ വിജീഷിന്റെ വീട്ടിൽവെച്ചാണ് മരണപ്പെട്ട ഫാസിൽ ലഹരിമരുന്ന് കുത്തിവെച്ച് അബോധാവസ്ഥയിലായത്.
ആശുപത്രിയിലെത്തിക്കാൻ വിജീഷും മറ്റു രണ്ടുപേരും വാഹനത്തിൽ കയറ്റിയശേഷം ആശുപത്രിയിൽ എത്തിക്കാതെ കൈനാട്ടിയിലെ മേൽപാലത്തിന് താഴെ ഫാസിലിനെ തള്ളുകയായിരുന്നു. കുന്നുമ്മക്കരയിലെ ലഹരി മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളിലൊരാളാണ് വിജീഷെന്ന് പൊലീസ് പറഞ്ഞു. നിരവധി ലഹരി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിജീഷ്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.