ബാലുശ്ശേരി: കൊടുംചൂടിൽ കുടിവെള്ളം കിട്ടാക്കനിയാകുമ്പോൾ റോഡിലൂടെ കുത്തിയൊഴുകി വെള്ളം പാഴാക്കുന്നു. അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന കരാർ തൊഴിലാളികളുടെ അശ്രദ്ധമൂലം ജപ്പാൻ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടുന്നത് തുടർക്കഥയായിരിക്കുകയാണ് ബാലുശ്ശേരിയിലും പരിസരത്തും.
ഇന്നലെ ബാലുശ്ശേരി വൈകുണ്ഠത്തിനടുത്ത് എ.യു.പി സ്കൂൾ റോഡിൽ ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കവെയാണ് കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയത്. രാവിലെ ഒഴുകാൻ തുടങ്ങിയ വെള്ളം വൈകീട്ടും ഒഴുകികൊണ്ടിരിക്കുകയാണ്. മെയിൻ ലൈൻ അടച്ചാൽ മറ്റു വീട്ടുകാർക്ക് കുടിവെള്ളം കിട്ടുകയില്ലെന്നു പരാതി ഉയരുമെന്നും അതുകൊണ്ട് ലീക്കായി ഒഴുകുന്ന വെള്ളം അങ്ങനെ പോകട്ടെയെന്നുമാണ് വാട്ടർ അതോറിറ്റിക്കാർ പറയുന്നത്.
അദാനി ഗ്യാസ് പൈപ്പ് ലൈൻ എടുക്കുമ്പോൾ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിച്ചാൽ കരാറുകാർക്കെതിരെ പൊലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ടു വാട്ടർ അതോറിറ്റി നേരത്തെ തന്നെ ബാലുശ്ശേരി പൊലീസിൽ പരാതി നൽകിയിട്ടുണ്ടെങ്കിലും അദാനി കരാറുകാർ ഇതൊന്നും ബാധകമല്ല എന്നമട്ടിലാണ് മുന്നോട്ടു പോകുന്നത്.
ബാലുശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു മൂന്നു മാസങ്ങളായി അദാനി ഗ്യാസ് പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുവരികയാണ്. ഇക്കാലയളവിൽ നിരവധി തവണയാണ് കുടിവെള്ള പൈപ്പ് ലൈൻ തകർന്ന് ലക്ഷക്കണക്കിന് ലിറ്റർ വെള്ളം റോഡിലൂടെ ഒഴുകി നഷ്ടപ്പെട്ടത്.