കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലെ സീനിയർ നഴ്സിങ് ഓഫിസർ പി.ബി. അനിത കോഴിക്കോട് തന്നെ ജോലിയിൽ പ്രവേശിച്ചു. രാവിലെ പത്തരയോടെ മെഡിക്കല്‍ കോളജിലെത്തിയ അനിത അഡ്മിനിസ്ട്രേറ്ററെ കണ്ടതിന് ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്.
കോഴിക്കോട് തന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് പി.ബി. അനിത മാധ്യമങ്ങളോട് പ്രതികരിച്ചു. തനിക്ക് അനുകൂലമായ ഹൈകോടതി വിധിക്കെതിരെ സർക്കാർ റിവ്യു ഹരജി നൽകുന്നതിൽ വിഷമമുണ്ട്. റിവ്യു ഹരജി നൽകിയാലും കോടതിയിൽ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷ.
ഹൈകോടതിയിൽ കൊടുത്ത സർക്കാറിനെതിരായ കോടതിയലക്ഷ്യ ഹരജി പിൻവലിക്കില്ല. ജോലിയിൽ തിരികെ പ്രവേശിച്ചാലും ഭരണാനുകൂല സംഘടനകളിൽ നിന്ന് പ്രതികാര നടപടികൾ ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. അതിജീവിതയുടെ കാര്യത്തിൽ തന്റെ കർത്തവ്യമാണ് ചെയ്തതെന്നും സർക്കാർ നീതിയുടെ കൂടെ നിൽക്കണമെന്നും അനിത ആവശ്യപ്പെട്ടു.
ചികിത്സയിലിരിക്കെ രോഗി പീഡനത്തിനിരയായ സംഭവത്തില്‍ അതിജീവിതക്കൊപ്പം നിന്നെന്ന കാരണത്താലുള്ള പ്രതികാര നടപടി വ്യാപക പ്രതിഷേധത്തിനിടയാക്കിയതിനു പിന്നാലെയാണ് അനിതയെ കോഴിക്കോട് തന്നെ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്. അനിശ്ചിത കാലസമരത്തിന് ലഭിച്ച ജനകീയ പിന്തുണക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം വിഷയം രാഷ്ട്രീയായുധമാക്കുക കൂടി ചെയ്തതോടെ വെട്ടിലായ സർക്കാർ ഒടുവിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു.
മുൻ നിലപാടിൽ നിന്ന് മലക്കംമറിയേണ്ടി വന്നതിനാൽ ഉപാധികളോടെയാണ് നിയമനം. കേസ് കോടതിയിലായതിനാൽ വിധിതീർപ്പിന് അനുസരിച്ചാകും അന്തിമ തീരുമാനമെന്ന വ്യവസ്ഥയാണ് ഉത്തരവിൽ ഉൾപ്പെടുത്തുക. തിരക്കിട്ട കൂടിയാലോചകൾക്കു ശേഷമാണ് സർക്കാർ തീരുമാനം. രാത്രി വൈകി ഇതുസംബന്ധിച്ച് ഉത്തരവിറങ്ങി. തീരുമാനം വൈകിയത് നടപടിക്രമങ്ങൾ മൂലമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
ഐ.സി.യുവിൽ രോഗി പീഡനത്തിരയായ സംഭവത്തിൽ വീഴ്ചപറ്റിയെന്ന അന്വേഷണ കമീഷന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു അനിതക്കെതിരായ നടപടി. എന്നാല്‍, അനിതയെ തിരികെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ പ്രവേശിപ്പിക്കണമെന്ന് ഹൈകോടതി നിർദേശിച്ചെങ്കിലും ആരോഗ്യവകുപ്പ് തയാറായില്ല. കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നായിരുന്നു അനിത മെഡിക്കല്‍ കോളജില്‍ ആരോഗ്യ വകുപ്പിനെതിരെ സമരം ആരംഭിച്ചത്. സംഭവത്തിലെ അതിജീവിത ആറു ദിവസം നീണ്ട സമരത്തെ പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പിന്തുണയുമായെത്തി.