താമരശ്ശേരി: സ്വർണവും ഡോളറും അടങ്ങിയ പാക്കറ്റ് കൈപ്പറ്റണമെന്ന് സന്ദേശമയച്ച് ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക അയപ്പിച്ച് വൻ തട്ടിപ്പ്. 15.25 ലക്ഷം രൂപ നഷ്ടമായെന്ന ഈങ്ങാപ്പുഴ സ്വദേശിനിയുടെ പരാതിയിൽ താമരശ്ശേരി പൊലീസ് ഐ.ടി ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയുടെ അമേരിക്കയിലുള്ള സുഹൃത്തിന്റെ നാട്ടിലുള്ള ബന്ധുവിന് കൊടുക്കാനുള്ള ഒരു പാക്കറ്റ് കൈപ്പറ്റണമെന്നും അതിൽ സ്വർണവും 60000 യു.എസ് ഡോളറുമാണ് ഉള്ളതെന്നും ഫോണിലൂടെ വിളിച്ചുപറഞ്ഞ് വിശ്വസിപ്പിച്ചു.
ഇത് കൈപ്പറ്റുന്നതിന് പല തവണകളിലായി ഡൽഹിയിലെ കനറാ ബാങ്കിലെയും ഫെഡറൽ ബാങ്കിലെയും ശാഖകളിലേക്ക് 15,25,000 രൂപ കൈമാറി. തുടർന്ന് പണം തിരികെ നൽകാതെയും സ്വർണവും ഡോളറുമടങ്ങിയതെന്ന് പറഞ്ഞ പാക്കറ്റ് എത്തിക്കാതെയും വഞ്ചിച്ചെന്നാണ് പുതുപ്പാടി സ്വദേശിനിയായ യുവതിയുടെ പരാതി. പരാതിയെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് താമരശ്ശേരി സി.ഐ പറഞ്ഞു.