ഫറോക്ക്: പുറ്റെക്കാട്ട് വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം രാത്രി അപഹരിച്ച നാല് പവൻ അടക്കം കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ ആറു വീടുകളിൽനിന്നായി 50 പവനും അര ലക്ഷം രൂപയും നഷ്ടപ്പെട്ടു.
പുറ്റെക്കാട്ട് ഇത് മൂന്നാമത്തെ കവർച്ചയാണ്. വടക്കുമ്പാട്ട് രണ്ടിടത്തും വട്ടപറമ്പിൽ ഒരു വീട്ടിലുമടക്കം ഫറോക്ക് മേഖലയിൽ ആറിടത്താണ് കഴിഞ്ഞ അഞ്ചു മാസത്തിനിടയിൽ മോഷണം നടന്നത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു പാറക്കാട്ട് സിദ്ദീഖിന്റെ വീട്ടിൽ കള്ളൻ കയറിയത്. വീടിന്റെ പിൻഭാഗത്തെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തുറന്ന് അകത്തുകടന്ന കള്ളൻ പ്രസവം കഴിഞ്ഞ് കിടക്കുന്ന മകൾ ഫാത്തിമ ഷബ്നയുടെ മുറിയിൽ കയറിയാണ് രണ്ടു പവൻ വലിയ ചെയിനും കുട്ടിയുടെ ആഭരണവുമടക്കം നാല് പവൻ മോഷ്ടിച്ചത്.
കള്ളനെ നേരിൽ കണ്ട ഫാത്തിമ ഒച്ചവെച്ച പാടെ മോഷ്ടാവ് ഓടിമറഞ്ഞു. പുറ്റക്കാട് മാട്ടുപുറത്ത് പറമ്പിലുള്ള വാടക വീട്ടിലാണ് സിദ്ദീഖ് താമസം. ഫറോക്ക് പൊലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വട്ടപ്പറമ്പ് തെക്കേ മരക്കാട്ടിൽ മുഹമ്മദലിയുടെ വീട്ടിൽനിന്ന് അഞ്ചര പവൻ, വടക്കുമ്പാട് വേട്ടുവളപ്പിൽ ഷബീബിന്റെ വീട്ടിൽനിന്ന് മൂന്നു പവൻ, ഇതിനടുത്തുതന്നെയുള്ള എ.വി. ഷൈജേഷിന്റെ വീട്ടിൽനിന്ന് 5000 രൂപ, മണക്കടവൻ അബ്ദുൽ ലത്തീഫിന്റെ വീട്ടിൽനിന്ന് 16 പവൻ, സമീപത്തെ ഞാവേലി പറമ്പിൽ സിയാദിന്റെ വീട്ടിൽനിന്ന് ഏഴര പവനും 45,000 രൂപ, പുതുക്കുടി കള്ളറക്കൽ അബ്ദുൽ നാസറിന്റെ വീട്ടിൽ നിന്ന് 14 പവൻ, എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം പോയത്. ഇതിൽ നാലു വീടുകളിൽ നടന്ന മോഷണരീതി ഒരുപോലെയായിരുന്നു. വീടിന്റെ ബാൽക്കണി വഴി ഇറങ്ങി അകത്തുള്ള ഗോണിയിലൂടെ കിടപ്പുമുറികളിൽ കയറിയായിരുന്നു മോഷണം.