വടകര: ഉപജില്ല സ്കൂൾ കലോത്സവത്തിന് ഒരുക്കം പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച മുതൽ 18 വരെ നാലു ദിവസങ്ങളിലായി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലാണ് കലാമേള. ബുധനാഴ്ച സ്റ്റേജിതര മത്സരങ്ങളും വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.
മേളയുടെ ഉദ്ഘാടനം 16ന് രാവിലെ 10 മണിക്ക് കെ.കെ. രമ എം.എൽ.എ നിർവഹിക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി 340 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വടകര സബ്ജില്ലയിലെ 80 സ്കൂളുകളിൽനിന്ന് 4500ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ മാറ്റുരക്കും. ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് 10 വേദികളിലായാണ് മത്സരം നടക്കുന്നത്. മേളയുടെ സമാപനം 18ന് വൈകീട്ട് നാലിന് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യും.
വാർത്തസമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വി.കെ. സുനിൽ, ജനറൽ കൺവീനർ ദിനേശൻ കരുവാൻകണ്ടി, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ എം.പി. മുഹമ്മദ് റഫീഖ്, മീഡിയ പബ്ലിസിറ്റി ചെയർമാൻ വി.കെ. അസീസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി. സുരേഷ് ബാബു, മീഡിയ പബ്ലിസിറ്റി കൺവീനർ അദീബ് അഹമ്മദ്, വി.പി. സന്ദീപ് എന്നിവർ പങ്കെടുത്തു.