വടകര: മൂരാട് പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണത്തിലെ വീഴ്ച പരിഹരിക്കാൻ ദേശീയപാത അതോറിറ്റി ശ്രമം തുടങ്ങി. തൂണുകൾ തമ്മിൽ കൂട്ടിയോജിപ്പിക്കുന്ന പൈൽ ക്യാപ് നിർമിക്കാത്തതാണ് പാലത്തിന്റെ തൂണുകൾ ചരിയാനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ദേശീയപാത പ്രോജക്ട് ഓഫിസറുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ഉച്ചയോടെ പാലത്തിന്റെ ചരിഞ്ഞ തൂണുകൾ പരിശോധിച്ചു. ദേശീയപാത അതോറിറ്റിയുടെ പരിശോധന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ തൂണുകൾ ബലപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കാനാണ് ആലോചന.
ലോഡ് ടെസ്റ്റ് നടത്തി വേണം തൂണുകൾക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ. ബലക്ഷയം ഉണ്ടെങ്കിൽ രണ്ടു തൂണുകൾ പുതുതായി സ്ഥാപിച്ച് ബലപ്പെടുത്തേണ്ടി വരും. ഇതുസംബന്ധിച്ച് ദേശീയപാത അതോറിറ്റി പുതിയ ഡിസൈൻ നിർവഹണ ഏജൻസിക്ക് കൈമാറേണ്ടതുണ്ട്.
ദേശീയപാതയിൽ നിർമാണത്തിലിരിക്കുന്ന പുതിയ പാലത്തിന്റെ രണ്ട് തൂണുകൾക്ക് ചരിവുണ്ടെന്ന് നാട്ടുകാരാണ് കണ്ടെത്തിയത്. ശക്തമായ അടിയൊഴുക്കിൽ പാലത്തിന്റെ തൂണുകൾ ഒരു വശത്തേക്ക് ചരിയുകയായിരുന്നു.
സംഭവം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയപ്പോൾ മൂടിവെക്കാൻ ശ്രമിച്ചതാണ് നാട്ടുകാരിൽ സംശയം ബലപ്പെടുത്തിയത്. ചരിഞ്ഞ തൂണുകൾക്കടുത്തേക്ക് നിർമാണ കമ്പനിയുടെ ജീവനക്കാർ ആരെയും കടത്തിവിട്ടില്ല. കമ്പനിയുടെ തൊഴിലാളികൾ ടാർപായ കൊണ്ട് തൂണുകൾ മൂടുകയും ഇരുമ്പ് കമ്പി വെൽഡ് ചെയ്ത് തൂണുകൾ ഉറപ്പിച്ച് നിർത്തുകയുമായിരുന്നു. ശക്തമായ കുത്തൊഴുക്ക് തൂണുകളിൽ നേരിൽ തട്ടാതിരിക്കാൻ തൊട്ടടുത്ത റെയിൽവേ മേൽപാലത്തിന്റെ തൂണുകൾ നിർമിക്കുമ്പോൾ മൺതിട്ടകൾ ഉണ്ടാക്കിയിരുന്നു.
എന്നാൽ, ഇത്തരത്തിലുള്ള സംരക്ഷണ കവചം ഇവിടെ ഒരുക്കിയിരുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഇ-ഫൈവ് ഇൻഫ്രാ സ്ട്രക്ചറൽ കമ്പനിക്കാണ് പാലത്തിന്റെ നിർമാണച്ചുമതല. 210.21 കോടി രൂപയാണ് പാലോളി, മൂരാട് പാലം നിർമാണത്തിനും അനുബന്ധ റോഡുകൾക്കും ഭൂമി ഏറ്റെടുക്കലിനുമായി ചെലവഴിക്കുന്നത്.