ജയലക്ഷ്മി സില്‍ക്‌സില്‍ തീപ്പിടിത്തം; വാഹനങ്ങളും കത്തി നശിച്ചു

ജയലക്ഷ്മി സില്‍ക്‌സില്‍ തീപ്പിടിത്തം; വാഹനങ്ങളും കത്തി നശിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തീപിടിത്തം. പാളയത്തെ കല്ലായി റോഡിലുള്ള ജയലക്ഷ്മി സില്‍ക്‌സിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാവിലെ 6.15-ഓടെയാണ് തീ പടര്‍ന്നത്‌. തീയണയ്ക്കാനുള്ള ശ്രമം അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

നിലവില്‍ 16 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കടയുടെ മുകളില്‍നിന്ന് ശബ്ദം കേട്ട് ശ്രദ്ധിക്കുമ്പോളാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തീപ്പിടിത്തത്തിൽ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും കത്തി നശിച്ചു. തീപ്പിടുത്തമുണ്ടായതോടെ കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്‌ലക്‌സുകള്‍ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

കടയുടെ ഉള്ളില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. അഗ്നിരക്ഷാസേനാ അംഗങ്ങള്‍ക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്. പിന്നീട് കടയുടെ പുറംഭാഗത്തുകൂടി മുകളിലേയ്ക്കു കയറി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാംഗങ്ങള്‍.

പുറത്തുനിന്ന് തീ നിയന്ത്രണവിധേയമായിട്ടുണ്ട്. എന്നാല്‍, കടയ്ക്കകത്ത് തീ ആളി കത്തുകയാണ്. കട രാവിലെ തുറക്കുന്നതിനു മുൻപായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരില്ല. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതിനാൽ തീ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.

Calicut News

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!