കുന്ദമംഗലം: കാരന്തൂർ ചാത്താംകണ്ടത്തിൽ ഫൈനാൻസിയേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിൽ 2020 ജൂലൈ 14ന് സ്വർണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്നു വളകൾ പണയംവെച്ച് 89,500 രൂപ വായ്പയെടുത്ത് മുങ്ങിയ പ്രതി പിടിയിൽ.
ചേളന്നൂർ ഉള്ളാടംവീട്ടിൽ യു.വി. ബിജു (38) ആണ് പിടിയിലായത്. ഒരു വർഷം കഴിഞ്ഞിട്ടും ലോൺ തിരിച്ചടക്കാത്തതിനെ തുടർന്ന് സ്ഥാപനം പണയംവെച്ച വളകൾ പരിശോധിച്ചപ്പോഴാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ പ്രതി പല സ്ഥലങ്ങളിലായി മാറിത്താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മനസ്സിലാകാത്ത രീതിയിൽ, സ്വർണമാണെന്ന് തെറ്റിദ്ധരിക്കുന്ന രീതിയിൽ വിദഗ്ധമായാണ് വ്യാജ സ്വർണം പണികഴിപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ചാത്തമംഗലം നെച്ചൂളിയിൽ കുന്ദമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ യൂസുഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ടി. അഭിലാഷ്, വി.കെ. സുരേഷ്, എ.എസ്.ഐ സി. സന്തോഷ് കുമാർ, സി.പി.ഒ കെ. അജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്തതിൽ സമാനമായ രീതിയിൽ കക്കോടിയിലുള്ള ബാങ്കിലും പ്രതി തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.