കോഴിക്കോട് ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോട്ട് തുടക്കം. രണ്ടു വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷം കുട്ടികൾ വേദിയിലെത്തുകയാണ്. പ്രധാന വേദിയായ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ രാവിലെ 8.30നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻ ബാബു പതാക ഉയർത്തി. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.
24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. കലോത്സവത്തിലും കായികമേളയിലും മറ്റു പാഠ്യേതര പ്രവർത്തനങ്ങളിലും മികവു തെളിയിക്കുന്ന കുട്ടികൾക്കു ഗ്രേസ് മാർക്കു നൽകുന്നതിനുള്ള പുതിയ മാനദണ്ഡം അടുത്തവർഷം മുതലെന്നു മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇത്തവണ കോവിഡിനു മുൻപുള്ള മാതൃകയിൽ ഗ്രേസ് മാർക്ക് നൽകാനാണു തീരുമാനം.
കലോത്സവത്തില്‍ മത്സരിച്ചു വിജയിക്കുന്നതല്ല, പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. എല്ലാവര്ക്കും വിജയിക്കാനാകില്ല. എന്നാല്‍ ഈ മഹാമേളയില്‍ പങ്കെടുക്കാന്‍ കഴിയുന്നതു തന്നെ തങ്ങള്‍ക്ക് ലഭിക്കുന്ന വലിയ അംഗീകാരമാണെന്ന സംസ്കാരം കുട്ടികള്‍ വളര്‍ത്തിയെടുക്കണം. മാതാപിതാക്കളും മത്സരബുദ്ധി വെടിയണം. എല്ലാ കുട്ടികളുടേയും സര്‍ഗവാസന കണ്ടു മനം കുളിര്‍ക്കണം.
കഴിഞ്ഞ കാലങ്ങളില്‍ രക്ഷിതാക്കള്‍ അനാവശ്യമായി മത്സരപ്രവണത കാണിക്കുന്നുവെന്ന പരാതി ഒരുപാട് ഉയര്‍ന്നുവന്നത് നാം കേട്ടതാണ്. ഏതു കുട്ടിയുടേതായാലും, കുട്ടികളുടെ സര്‍ഗവാസന കണ്ട് സന്തോഷിക്കാന്‍ കഴിയണം. ആ തരത്തില്‍ ഉയര്‍ന്ന ചിന്തയോടെ രക്ഷിതാക്കള്‍ക്ക് കലോത്സവത്തെ സമീപിക്കാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.