കോഴിക്കോട് : സിറ്റി ട്രാഫിക് പോലീസിന്റെ City Traffic Police നേതൃത്വത്തിൽ നമ്പർ പ്ലേറ്റ് മാറാൻ സാധിക്കുന്ന തരത്തിൽ രൂപമാറ്റംവരുത്തിയ ബൈക്കുകൾ പിടികൂടാൻ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടിയിലായത് എട്ട് ആഡംബര ബൈക്കുകൾ. പിടികൂടിയ ബൈക്കുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാനായി ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പിന് ട്രാഫിക് പോലീസ് റിപ്പോർട്ട് നൽകി.
രാത്രിസമയങ്ങളിൽ നിരത്തുകളിൽ ബൈക്കുമായി അഭ്യാസങ്ങൾ നടത്തുന്നത് സ്ഥിരംസംഭവമായി മാറിയിട്ടുണ്ട്. പോലീസ് എത്തുമ്പോഴേക്കും നമ്പർപ്ലേറ്റുകൾ മറച്ച് സ്പീഡിൽ ഓടിച്ചുപോകുന്നതാണ് പതിവ്. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ജോൺസന്റെ നിർദേശപ്രകാരം പരിശോധന കർശനമാക്കുന്നത്.