
കോഴിക്കോട്: മരണാനന്തര അവയവദാനത്തിന് തയാറായ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള ആദ്യയാളായി ദീപാറാണി. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാൻസ് പ്ലാന്റ് ഓര്‍ഗനൈസേഷന്റെ ഓര്‍ഗന്‍ ഡോണര്‍ രജിസ്ട്രിയിലൂടെയാണ് ദീപാറാണി രജിസ്റ്റര്‍ ചെയ്തത്.
ദീപാറാണിയെ കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് അഭിനന്ദിച്ചു. ദീപാറാണിയുടെ തീരുമാനം സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു. അവയവദാനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയ ദീപാറാണിക്ക് കെ-സോട്ടോ അഭിനന്ദന കത്ത് കൈമാറി.
മസ്തിഷ്ക മരണാനന്തര അവയവദാനത്തെക്കുറിച്ച് അറിഞ്ഞ ദീപാറാണി അവയവദാനതിന് സന്നദ്ധയായി കോഴിക്കോട് മെഡിക്കല്‍ കോളജിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് മൃതസഞ്ജീവനിയുടെ നോര്‍ത്ത് സോണ്‍ നോഡല്‍ ഓഫിസര്‍ ഡോ. ഇ.കെ. ജയകുമാര്‍, മെഡിക്കല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍കുമാര്‍, ട്രാൻസ് പ്ലാന്റ് കോ ഓര്‍ഡിനേറ്റര്‍ ശീര്‍ഷ എന്നിവര്‍ ദീപാറാണിയെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കാന്‍ സഹായിച്ചു. തൊണ്ടയാട് സ്ഥിരതാമസക്കാരിയായ ദീപാറാണി മോഡലാണ്.