വടകര: ദേശീയപാത വികസനം യാഥാർഥ്യമാകുമ്പോൾ ഒറ്റപ്പെടുന്ന പഴങ്കാവിലേക്ക് മേൽപാലം നിർമിക്കമെന്ന് ആവശ്യം. പഴങ്കാവ് -ചോളംവയൽ റോഡുകളെ ബന്ധിപ്പിച്ച് ചെറുവാഹനങ്ങൾക്കും കാൽനടക്കാർക്കും ഉപയോഗിക്കാൻ കഴിയുംവിധം മേൽപാലം നിർമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ദേശീയപാത നിർമാണം പൂർത്തിയായാൽ പഴങ്കാവ് -ചോളം വയൽ റോഡും കുളങ്ങരത്ത് -വീരഞ്ചേരി റോഡും പരവന്തല -അടക്കാതെരു റോഡും രണ്ട് ഭാഗങ്ങളിലായി മാറും. അഗ്നിരക്ഷ സേന കേന്ദ്രം സ്ഥിതി ചെയ്യുന്ന പഴങ്കാവിൽനിന്നും വടകര നഗരത്തിലേക്കുള്ള ഗതാഗത സൗകര്യം നിലക്കും. ഇതോടെ അഗ്നിരക്ഷ നിലയവും നോക്കുകുത്തിയായി മാറും. പഴങ്കാവ്, ചേന്ദമംഗലം, മാങ്ങാട്ടുപാറ, മലോൽ മുക്ക് എന്നീ പ്രദേശങ്ങളിലേക്കുളള യാത്രയും നിലക്കും. ഇതോടെ 6000ത്തിൽ അധികം കുടുംബങ്ങളുടെ വഴിയടയും. ജനങ്ങൾക്ക് വാഹനത്തിലൂടെയോ കാൽനടയായോ വടകരയിലെ വിവിധ ഓഫിസുകളിലും ആശുപത്രികളിലും എത്തിപ്പെടാൻ നാട്ടുകാർ ചുറ്റിത്തിരിയേണ്ടി വരും.
മേൽപാലം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് മന്ത്രിക്കും എം.പി, എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ഉൾപ്പെടെ ബന്ധപ്പെട്ട അധികൃതർക്കും നിവേദനം നൽകാൻ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്ത യോഗം തീരുമാനിച്ചു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് നഗരസഭ ചെയർപേഴ്സൻ കെ.പി. ബിന്ദു സ്ഥലം സന്ദർശിച്ചു. ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് അവർ പറഞ്ഞു. കൗൺസിലർമാരായ കാനപ്പള്ളി ബാലകൃഷ്ണൻ, എൻ.കെ. പ്രഭാകരൻ, പി.പി. ബാലകൃഷ്ണൻ, കെ. നിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.സി. പവിത്രൻ, എം.സി. വടകര, പി. സദാനന്ദൻ, പി. വിജയബാബു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.