കോഴിക്കോട്: അഞ്ഞൂറിലധികം രോഗികളുള്ള കോഴിക്കോട് കുതിരവട്ടം ഗവ. മാനസികാരോഗ്യ കേന്ദ്രം വേണ്ടത്ര ജീവനക്കാരില്ലാതെ നട്ടംതിരിയുന്നു. വാർഡുകളിൽ ഭക്ഷണമെത്തിക്കുന്നതുപോലും അതിന് ചുമതലയില്ലാത്ത ജീവനക്കാരാണ്. ആശുപത്രി അസിസ്റ്റന്റ് ഗ്രേഡ് വണിൽ 19 ജീവനക്കാരുടെ പോസ്റ്റാണുള്ളത്. എന്നാൽ, 13 പേരേയുള്ളൂ. അതില്‍ പകുതി പേര് അംഗപരിമിതരും. മെഡിക്കൽ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്യുമ്പോള്‍ നഴ്സിങ് അസിസ്റ്റന്റിന്റെ കൂടെ പോവുന്നതും ഗ്രേഡ് വൺ ജീവനക്കാരാണ്. അടുക്കള ജോലിക്കുപോലും മേലധികാരികൾ ഭീഷണിപ്പെടുത്തി ഇവരെ നിയോഗിക്കുകയാണ്.
മൂന്നുപേർ മാത്രമാണ് പത്തുപേരെങ്കിലും വേണ്ട അടുക്കളയിൽ ജോലിചെയ്യുന്നത്. ഇവരെ സഹായിക്കാനാണ് ഗ്രേഡ് വൺ ജീവനക്കാരെ അനധികൃതമായി നിയമിക്കുന്നത്. ഭക്ഷ്യവിഷബാധയോ മറ്റോ വന്നാൽ തങ്ങളുടെ ജോലിതന്നെ പോകുമെന്ന ഭയമാണ് ജീവനക്കാർക്ക്. ഹെൽത്ത് കാർഡോ മറ്റ് യോഗ്യതകളോ ഇല്ലാത്തവരെ അടുക്കള ജോലിക്ക് നിർബന്ധിച്ച് നിയോഗിക്കുന്നതും ജീവനക്കാർക്കിടയിൽ ആക്ഷേപത്തിനിടയാക്കുകയാണ്.
നഴ്സിങ് അസിസ്റ്റന്റ് എച്ച്.എ ഗ്രേഡ്-2 കാറ്റഗറിയിലും ജീവനക്കാരുടെ കുറവാണ്. സ്ഥലംമാറ്റഭീഷണിയും സസ്പെൻഷനും പറഞ്ഞാണ് ജീവനക്കാരെക്കൊണ്ട് അമിത ജോലി ചെയ്യിക്കുന്നതെന്നാണ് ആക്ഷേപം. ഇതുമൂലം ജീവനക്കാര്‍ മാനസിക സമ്മർദത്തിലാണ്.
ഒരു ജീവനക്കാരന് രണ്ടു മാസം മുമ്പ് ആത്മഹത്യ ചെയ്തത് മനോവിഷമംമൂലമാണെന്ന് സഹതൊഴിലാളികൾ പറയുന്നു. മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും രോഗികള്‍ ചാടിപ്പോവുന്നത് പതിവായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി 20 സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇവരെ നിയമിച്ചെങ്കിലും സമയത്ത് ശമ്പളം നൽകാതെ വന്നപ്പോള്‍ വിട്ടുപോവുകയായിരുന്നു.
ഒരു ദിവസം ശരാശരി അഞ്ച് രോഗികളെങ്കിലും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കായി പോകും. പത്തും ഇരുപതും ജീവനക്കാർ ഇവർക്കൊപ്പം പോവേണ്ടിവരും. ഇങ്ങനെയുള്ള ജീവനക്കാരുടെ കുറവ് മാനസികാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ഗുരുതരമായി ബാധിക്കുകയാണ്.