കുറ്റ്യാടി: വീടുകളിലും കെട്ടിടങ്ങളിലും വയറിങ്ങിന് ഉപയോഗിച്ച എർത്ത് കമ്പികൾ (കോപ്പർ വയർ) മോഷ്ടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നു. എർത്ത് പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന വണ്ണം കൂടിയ കമ്പികളാണ് ഏറെയും മുറിച്ചു കൊണ്ടുപോകുന്നത്. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ വയറിനോടൊപ്പം വലിച്ച ചെറിയ കമ്പികളും മോഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കുറ്റ്യാടി സാംസ്കാരിക നിലയത്തിനടുത്ത വീട്ടിലെ എർത്ത് കമ്പി മുറിച്ചുകൊണ്ടുപോയ സംഭവത്തോടെയാണ് ഇത്തരം മോഷണം പലയിടത്തും നടന്നതായി ആളുകൾ സമൂഹ മാധ്യമങ്ങൾവഴി പങ്കുവെക്കുന്നത്. കുറ്റ്യാടിയിൽ മോഷണം നടത്തിയയാളെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുറ്റ്യാടി, പാലേരി ഭാഗങ്ങളിൽ ഇത്തരം കേസുകൾ ഏറെ നടന്നതായും പറയുന്നു. എന്നാൽ, ആരും പരാതി നൽകാറില്ല.
ചെറിയകുമ്പളത്ത് നിർമാണം പൂർത്തിയായ കെട്ടിടത്തിന്റെ എർത്ത് വയർ ഉടമ അകത്തുള്ളപ്പോഴാണ് പുലർച്ച അറുത്തു കൊണ്ടുപോകാൻ ശ്രമിച്ചത്.
ശബ്ദം കേട്ട് ഷോപ്പുടമ എത്തുമ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടു. കിലോക്ക് 1000 രൂപയുള്ള കമ്പി തുച്ഛവിലക്കാണ് ആക്രിക്കടകളിൽ വിൽക്കുന്നത്. ആക്രിക്കടകളിലും ഇപ്രകാരം മോഷണം നടക്കുന്നുണ്ട്.