വടകര: പുത്തൂരിൽ റിട്ട. പോസ്റ്റ്മാനെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ക്വട്ടേഷൻ സംഘം ഉൾപ്പെടെ അഞ്ചംഗ സംഘം അറസ്റ്റിൽ. പുത്തൂർ ശ്യാം നിവാസിൻ മനോഹരൻ (58), വില്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49), കാഞ്ഞിരവള്ളി കുനിയിൽ വിജീഷ് (42), പട്ടർ പറമ്പത്ത് രഞ്ജിത്ത് (46), ചുണ്ടയിൽ മനോജൻ (40) എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10.45 ഓടെയാണ് റിട്ട. പോസ്റ്റ്മാനായ പാറേമ്മൽ രവീന്ദ്രനെയും മകൻ ആദർശിനെയും മുഖം മൂടി ധരിച്ച് വീട്ടിൽ കയറി ആക്രമിച്ചത്.
രവീന്ദ്രന്റെ കാൽ തല്ലിയൊടിക്കുകയും തടയാനുള്ള ശ്രമത്തിനിടയിൽ മകൻ ആദർശിന് പരിക്കേൽക്കുകയുമുണ്ടായി. കാലിനു പരിക്കേറ്റ രവീന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കേസിൽ അറസ്റ്റിലായ മനോഹരനാണ് രവീന്ദ്രനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ഇവർ തമ്മിലുള്ള ഭൂമി സംബന്ധമായ തർക്കമാണ് ക്വട്ടേഷൻ ആക്രമണത്തിൽ കലാശിച്ചത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തത്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
ആക്രമണത്തിന് ഉപയോഗിച്ച ടാക്സി ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിത്താണ് അക്രമികൾ സഞ്ചരിച്ച ജീപ്പ് ഓടിച്ചത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.