നരിക്കുനി: നാടിന്റെ രക്ഷകരായ നരിക്കുനി ഫയർസ്റ്റേഷന് സ്വന്തമായി കെട്ടിടം വേണം. 2010 ലാണ് ചെമ്പക്കുന്നിലെ വാടക കെട്ടിടത്തിൽ ഫയർ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. സ്ഥലം ലഭിച്ചാൽ ഉടൻ കെട്ടിടം നിർമിക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയിൽ കൽക്കുടുമ്പിൽ 18 സെന്റ് സ്ഥലം കണ്ടെത്തി. പഞ്ചായത്തിന്റെ ഫണ്ട് വൈകിയപ്പോൾ സ്ഥലം നഷ്ടമാകാതിരിക്കാൻ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പണം കണ്ടെത്തി സ്ഥലം വാങ്ങി സർക്കാറിന് കൈമാറി. എന്നാൽ, പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഫയർ സ്റ്റേഷൻ പഴയ വാടക കെട്ടിടത്തിൽ തന്നെയാണ്.ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുമെന്ന് ബജറ്റ് പ്രഖ്യാപിച്ചെങ്കിലും തുക വകയിരുത്തിയില്ല. കെട്ടിട നിർമാണത്തിനായി സമർപ്പിച്ച പദ്ധതി ഭരണാനുമതി ലഭിക്കാതെ കിടക്കുകയാണ്. അതുകൊണ്ടുതന്നെ 14 പഞ്ചായത്തുകൾ പരിധി നിശ്ചയിച്ചു തുടങ്ങിയ ഫയർ സ്റ്റേഷൻ ഇന്നും വാടക കെട്ടിടത്തിലാണ്. നിലവിലെ കെട്ടിടമാവട്ടെ ഏറെ ശോച്യാവസ്ഥയിലാണുള്ളത്. ജീവനക്കാർ വിശ്രമിക്കുന്നത് മഴ പെയ്താൽ ചോരുന്ന കെട്ടിടത്തിലാണ്. കൂടാതെ, ശുദ്ധജലക്ഷാമവുമുണ്ട്. ടാർപോളിൻ വലിച്ചുകെട്ടിയ കെട്ടിടത്തിന്റെ ചുമരിൽ ചാരിയാൽ ഷോക്കേൽക്കുന്ന സ്ഥിതിയാണ്.
സ്റ്റേഷൻ ഓഫിസർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ, രണ്ട് സീനിയർ ഫയർ ഓഫിസർ, അഞ്ച് ഫയർ ഡ്രൈവർമാർ, 15 സിവിൽ ഫയർ ഓഫിസർമാർ, ഒമ്പത് ഹോം ഗാർഡുകൾ എന്നിവർ ഉൾപ്പെടെ 34 ജീവനക്കാരാണ് ഇവിടെയുള്ളത്. കൂടാതെ, 74 ഓളം വളന്റിയർമാരും ഫയർ സ്റ്റേഷനുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. ഇവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് സുരക്ഷാ ഭീതിയോടെ കഴിയുന്നത്.
ഫയർ സ്റ്റേഷൻ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷ
നരിക്കുനി ഫയർ സ്റ്റേഷന് സ്വന്തം കെട്ടിടം നിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എം.കെ. മുനീർ എം.എൽ.എ മുഖാന്തരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പ്രഥമ പരിഗണനയോടെ കെട്ടിട നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൗഹർ പൂമംഗലം – പ്രസിഡന്റ്, നരിക്കുനി ഗ്രാമപഞ്ചായത്ത്