വടകര: ബസ് യാത്രക്കാരിയുടെ ഒന്നര പവൻ സ്വർണാഭരണം കവർന്ന കേസിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് ട്രിച്ചി മാരിയമ്മൻ കോവിൽ വെറുവ് കടതെരുവ് സമയപുരം സ്വദേശികളായ കറുപ്പായി (47), രാധ (41), മഹാലക്ഷ്മി (34)എന്നിവരെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ആഗസ്റ്റ് 16നാണ് ചെക്കോട്ടി ബസാറിൽനിന്ന് വടകരയിലേക്കുള്ള യാത്രാമധ്യേ കീഴൽ സ്വദേശിനി ഇടുചാലിൽ മീത്തൽ ജാനുവിന്റെ ഒന്നരപവൻ സ്വർണമാല സംഘം കവർന്നത്. പുതിയ ബസ് സ്റ്റാൻഡിൽ ഇറങ്ങിയപ്പോഴാണ് മാല നഷ്ടപ്പെട്ടതറിയുന്നത്. സംഭവത്തിൽ വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ഒരു മാസത്തിനു ശേഷം മറ്റൊരു പിടിച്ചുപറി കേസിൽ സംഘം കണ്ണൂർ പൊലീസിന്റെ പിടിയിലായതോടെയാണ് വടകരയിലെ മോഷണ കേസിൽ ഇവർ ഉൾപ്പെട്ട വിവരം പൊലീസിന് ലഭിച്ചത്.
കണ്ണൂർ വനിത ജയിലിൽ കഴിയുന്ന പ്രതികളെ ജയിലിൽവെച്ച് അറസ്റ്റ് രേഖപ്പെടുത്തി വടകര പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.