സ്കൂട്ടറിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി തൊട്ടിൽപാലത്ത് രണ്ടുപേർ പിടിയിൽ. കാവിലുമ്പാറ വയലിൽവീട്ടിൽ ആൽബിൻ തോമസ് (22), പൂതംപാറ വയലിൽവീട്ടിൽ ജോസഫ് (24) എന്നിവരെയാണ് എസ്.പിയുടെ സ്പെഷൽ സ്ക്വാഡും തൊട്ടിൽപാലം പൊലീസും ചേർന്ന് പിടികൂടിയത്. കെ.എൽ 60 ജെ 191 നമ്പർ സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.
ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗമാണ് കഞ്ചാവു കൊണ്ടുവന്നത്. കോഴിക്കോട്ട് ഇറങ്ങി അവിടെനിന്ന് വയനാട് വഴി തൊട്ടിൽപാലത്തേക്ക് വരുകയായിരുന്നു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് ബദൽ റോഡായ ചൂരണി-പക്രന്തളം റോഡിലാണ് ഇരുവരും പിടിയിലായത്. സ്പെഷൽ സ്ക്വാഡ് എസ്.ഐ മനോജ്, തൊട്ടിൽപാലം എസ്.ഐ അൻവർ ഷാ, എ.എസ്.ഐമാരായ ഷാജി, ബിനീഷ്, സി.പി.ഒമാരായ സദാനന്ദൻ, ബിനീഷ്, ഗണേശൻ, ബിജിൽ, ഡ്രൈവർ പ്രജീഷ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.