വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിൽനിന്ന് 26.24 കി.ഗ്രാം സ്വർണവുമായി മുങ്ങിയ ബാങ്ക് മാനേജർ അറസ്റ്റിൽ. തമിഴ്നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിൽ മധ ജയകുമാറിനെയാണ് (34) ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കർണാടക -തെലങ്കാന അതിർത്തിയിൽ ബിദര ജില്ലയിലെ കുന്നാറിൽനിന്ന് കർണാടക പൊലീസാണ് പ്രതിയെ പിടികൂടിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കർണാടകയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് വടകരയിൽ എത്തിക്കുകയായിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സിം കാർഡ് എടുക്കാനുള്ള ശ്രമത്തിനിടെ, കടയുടമയുമായുള്ള തർക്കമാണ് പ്രതിയെ വലയിലാക്കാൻ സഹായിച്ചത്. തർക്കത്തിനിടെ പ്രതിയെ തിരിച്ചറിഞ്ഞ കടയുടമ പൊലീസിന് വിവരം നൽകി. ഇതിനിടെ ഓടിരക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. പ്രതിയെ തേടി തമിഴ്നാട്ടിലെ മേട്ടുപ്പാളയത്ത് എത്തിയിരുന്ന ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കർണാടകയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. വിമാന മാർഗമാണ് അന്വേഷണ സംഘം കർണാടകയിലെത്തിയത്.
ചാത്തൻകണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന്റെ 40 കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് ബാങ്കിൽ പണയപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 17.20 കോടി രൂപയുടെ സ്വർണമാണ് മധ ജയകുമാർ തട്ടിയെടുത്തത്. സ്ഥലംമാറ്റം ലഭിച്ച മധ ജയകുമാറിന് പകരം ചുമതലയേറ്റ ബാങ്ക് മാനേജർ വി. ഇർഷാദിന്റെ പരാതിയിലാണ് വടകര പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതി തമിഴ്നാട്ടിൽ ഹോട്ടൽ വ്യവസായവും ആഡംബര കാറും സ്വന്തമാക്കിയതായി പൊലീസ് പറഞ്ഞു. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.