നാദാപുരം: വിലങ്ങാട് പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം, കടക്കെണിയിലും ദുരിതത്തിലും കഴിയുന്ന ഉപഭോക്താവിനോട് ബാങ്കിന്റെ ക്രൂരത. ദുരിതാശ്വാസ ക്യാമ്പിൽനിന്നും താൽക്കാലിക താമസസ്ഥലത്തേക്ക് മാറിയ വിലങ്ങാട്ടെ ഷിജോ തോമസിനാണ് 15,000 രൂപയോളം തിരിച്ചടക്കേണ്ടി വന്നത്.
വിലങ്ങാട് ടൗണിലെ കച്ചവടക്കാരനായ ഇദ്ദേഹത്തിന് വരുമാനമാർഗമായിരുന്ന കടയും കൃഷിയിടവും നഷ്ടമായിരുന്നു. കച്ചവടം പുനരാരംഭിക്കാൻ ഒരു വ്യക്തി 15,000 രൂപ സഹായമായി നൽകി. പണം ബാങ്കിൽ എത്തിയപ്പോൾ ഈ തുക അധികൃതർ വായ്പ തിരിച്ചടവിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതേ തുടർന്ന് ഇദ്ദേഹം ബാങ്കധികൃതർക്ക് പരാതി നൽകുകയായിരുന്നു.
ബാങ്കിന് പങ്കില്ല -മാനേജർ
നാദാപുരം: ഷിജോ തോമസ് വായ്പയെടുത്ത സമയത്ത് ഓട്ടോമാറ്റിക്കായി ലോണിലേക്ക് കുടിശ്ശിക തുക മാറ്റാൻ ബാങ്കിനെ അധികാരപ്പെടുത്തിയുള്ള കത്ത് നൽകിയിരുന്നു. ബാങ്ക് അതിന്റെ ബാങ്കിങ് സോഫ്റ്റ് വെയറിൽ അപ്ഡേറ്റ് ചെയ്തതുമാണ്. അതിനാൽ ഇടപാടുകാരന്റെ അക്കൗണ്ടിൽനിന്ന് ആഗസ്റ്റ് 14ന് വൈകീട്ട് 15,000 രൂപ അദ്ദേഹത്തിന്റെ ലോൺ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക് ഡെബിറ്റ് വഴി പിടിക്കുകയായിരുന്നു. അദ്ദേഹം 16ന് ബാങ്കിൽ പരാതിയുമായി എത്തിയതോടെ ഷിജോവിനോട് ഇതേക്കുറിച്ച് രേഖാമൂലമുള്ള ഒരു പരാതി എഴുതിവാങ്ങുകയും ഹെഡ് ഓഫിസുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം അറിയിക്കാമെന്നും പറഞ്ഞ് തിരിച്ചയച്ചതായും ബാങ്ക് മാനേജറുടെ കുറിപ്പിൽ പറയുന്നു.