ഉള്ള്യേരി: കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക് രണ്ടുദിവസം പിന്നിട്ടിട്ടും പ്രശ്നപരിഹാരത്തിന് നീക്കമുണ്ടായില്ല. പണിമുടക്ക് മൂന്നാംദിനമായ ചൊവ്വാഴ്ചയും തുടർന്നേക്കും. ബസ് ഡ്രൈവറെ ആക്രമിച്ച പ്രതികളെ അറസ്റ്റുചെയ്യാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികൾ.
ഞായറാഴ്ച ആരംഭിച്ച സമരം ഇന്നലെയും തുടർന്നതോടെ ജനം വലിയ ദുരിതമാണ് അനുഭവിച്ചത്. കഴിഞ്ഞ ശനിയാഴ്ച കൂമുള്ളിക്ക് സമീപം കാർ യാത്രികരും ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷമാണ് മിന്നൽ പണിമുടക്കിലേക്ക് നയിച്ചത്. കാറിൽ ചളി തെറിപ്പിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ബസ് മനപ്പൂർവം കാറിൽ ഇടിപ്പിച്ചു എന്നാണ് കാർ യാത്രക്കാരുടെ പരാതി. ഇതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് മർദനമേറ്റിരുന്നു.
പണിമുടക്കു സംബന്ധിച്ച് തൊഴിലാളി യൂനിയനുകളുടെ ഔദ്യോഗിക വാർത്താക്കുറിപ്പ് ഒന്നും ഇറങ്ങിയിട്ടില്ല. എന്നാൽ, സമരത്തിന് വിവിധ യൂനിയനുകൾ മൗനാനുവാദം നൽകിയതായാണ് സൂചന. അംഗീകൃത യൂനിയനുകൾ മുൻകൂട്ടി നോട്ടീസ് നൽകി നടത്തുന്ന സമരം അല്ലാത്തതിനാൽ ചർച്ചക്കുള്ള സാധ്യതയും ഇല്ലാതാവുകയാണ്.
പണിമുടക്ക് സംബന്ധിച്ച് കോഴിക്കോട് ആർ.ടി.ഒയിൽ നിന്നും ജില്ല കലക്ടർ റിപ്പോർട്ട് തേടി. മിന്നൽ പണിമുടക്ക് സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് പ്രതിഷേധങ്ങൾ ഉയരുകയും ഗതാഗത മന്ത്രിയും ജില്ല കലക്ടറും അടക്കമുള്ളവർക്ക് പരാതികൾ പോവുകയും ചെയ്തിരുന്നു.
കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തി
ഉള്ള്യേരി: കുറ്റ്യാടി റൂട്ടിൽ കെ.എസ്.ആർ.ടി.സി കൂടുതൽ സർവിസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി. കോഴിക്കോട് ഡിപ്പോയിൽനിന്ന് മൂന്നും തൊട്ടിൽപ്പാലം ഡിപ്പോയിൽനിന്ന് ആറും ബസുകളാണ് അധിക സർവിസ് നടത്തിയത്. ഉള്ള്യേരി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ സർവിസ് നടത്തിയിരുന്നു. പേരാമ്പ്ര-ഉള്ള്യേരി റൂട്ടിലും ചില സ്വകാര്യ ബസുകൾ സർവിസ് നടത്തി.