കൊയിലാണ്ടി: കീഴരിയൂർ നടുവത്തൂർ നമ്പ്രത്തുകര റോഡിന്റെ വശത്തായി നില നിൽക്കുന്ന, അപകട നിലയിലെത്തിയ കെട്ടിടം പൊളിച്ചുനീക്കണമെന്ന ആവശ്യം ശക്തമാവുന്നു. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഇരുനില കെട്ടിടമാണ് തകർന്നു വീഴാൻ അവസരം കാത്തുകിടക്കുന്നത് ശ്രീ വാസുദേവാ ശ്രമ ഹൈസ്കൂൾ, നമ്പ്രത്തുകര യു.പി സ്കൂൾ, ശ്രീശങ്കര സംസ്കൃത കോളജ് എന്നിവിടങ്ങളിലേക്ക് കുട്ടികൾ കടന്നുപോവുന്ന പ്രധാന പാതയുടെ ഓരത്താണ് ഈ കെട്ടിടം നിലനിൽക്കുന്നത്.
മേൽക്കൂര തകർന്നതുകാരണം 75 വർഷമെങ്കിലും പഴക്കമുള്ള ഈ കെട്ടിടത്തിന്റെ ചുവരുകൾ മഴയിൽ കുതിർന്നുകിടക്കുകയാണ്. ശ്രീ വാസുദേവാ ശ്രമം ഹൈസ്കൂൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന കെട്ടിടമാണിത്. സ്കൂളിന് സ്വന്തം കെട്ടിടം പണിതതോടെ കെട്ടിടം മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയായിരുന്നു കെട്ടിടം തകർന്നാൽ ഉണ്ടാവുന്ന അപകടം മുൻ കൂട്ടിക്കണ്ട് വാസുദേവ ആശ്രമ ഹൈസ്കൂൾ അധികൃതരും പി.ടി.എ കമ്മിറ്റിയും കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ പരാതി എത്തിക്കുകയും പഞ്ചായത്തധികൃതർ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥാപന ഉടമകൾക്ക് കെട്ടിടം പൊളിച്ചുമാറ്റാൻ മെമ്മോ നോട്ടീസ് നൽകിയെങ്കിലും ഇന്നു വരെ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കോഴിക്കോട് ദുരന്ത നിവാരണ സേനക്കും ഇത് സംബന്ധിച്ച് അപേക്ഷ നൽകിയിട്ടുണ്ട് എന്നാൽ, ഉടമകൾക്ക് യാതൊരു കുലുക്കവുമില്ലാത്ത അവസ്ഥയാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് കെട്ടിടം പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.