ബാലുശ്ശേരി: കക്കയം 27ാം മൈൽ -തലയാട് ബൈപാസ് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നു. കൂരാച്ചുണ്ട് 20ാം മൈൽ- തലയാട് റൂട്ടിൽ മലയോര ഹൈവേയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ കൂരാച്ചുണ്ട്, കക്കയം, കരിയാത്തുംപാറ, കല്ലാനോട് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് താമരശ്ശേരി, തലയാട് ഭാഗത്തേക്കുള്ള വാഹന യാത്രക്കാർക്ക് യാത്ര ദുഷ്കരമായ സാഹചര്യത്തിൽ 27ാംമൈലിൽനിന്ന് തലയാട്ടേക്കുള്ള പഴയ ബൈപാസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ച് എം.കെ. രാഘവൻ എം.പിക്ക് നാട്ടുകാർ നിവേദനം നൽകി.
ആദ്യകാല കുടിയേറ്റ കർഷകർ കക്കയം, കരിയാത്തുംപാറ, കല്ലാനോട്, കൂരാച്ചുണ്ട് തുടങ്ങിയ മേഖലകളിലേക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ചിരുന്ന പ്രധാന പാതയായിരുന്നു 27ാം മൈൽ -തലയാട് ബൈപാസ് റോഡ്. ഈ റോഡ് ഇപ്പോൾ അവഗണിക്കപ്പെട്ട നിലയിലാണ്.മലയോര ഹൈവേ നിർമാണവുമായി ബന്ധപ്പെട്ട് റോഡ് യാത്ര ഏറെ ദുഷ്കരമായിരിക്കയാണ്. മണ്ണിടിച്ചിലും മരം കടപുഴകി വീഴലും കാരണം ഗതാഗത തടസ്സങ്ങൾ പതിവാണ്.
ഗതാഗത സ്തംഭനം കാരണം കക്കയം, കരിയാത്തുംപാറ നിവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. നിലവിൽ നിർമാണ പ്രവൃത്തി നടക്കുന്ന റോഡ് വഴി തലയാട്ടേക്ക് എത്തിപ്പെടാൻ അഞ്ച് കിലോമീറ്റർ ദൂരം വരുമ്പോൾ ബൈപാസ് റോഡ് വഴി കേവലം ഒന്നര കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
മലയോര മേഖലയിലുള്ളവർക്ക് അടിയന്തര ഘട്ടത്തിൽ ചികിത്സക്കായി മെഡിക്കൽ കോളജ് അടക്കമുള്ള ആശുപത്രികളിൽ എത്തിപ്പെടാനും വിദ്യാർഥികൾക്ക് കോളജുകളിലും സ്കൂളുകളിലും തടസ്സമില്ലാതെ എത്തിച്ചേരാനും ബൈപാസ് റോഡ് വന്നാൽ ഏറെ സഹായകരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ബൈപാസ് റോഡ് യാഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വാർഡ് അംഗം ജെസി കരിമ്പനയ്ക്കലിന്റെ നേതൃത്വത്തിൽ എം.കെ. രാഘവൻ എം.പിക്ക് നിവേദനം നൽകി.