നടുവണ്ണൂർ: രാമൻപുഴ കരകവിഞ്ഞൊഴുകുന്നു. വീടുകൾ വെള്ളപ്പൊക്ക ഭീഷണിയിലായതിനാൽ പ്രദേശവാസികൾ ഭീതിയിൽ. നടുവണ്ണൂർ ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളിലാണ് രാമൻപുഴ കരകവിഞ്ഞത്. കരിമ്പാപൊയിൽ – തെരുവത്തുകടവ് ഭാഗത്ത് പുഴയും കരയും വേർതിരിച്ചറിയാനാവാത്ത നിലയിലാണ്. നടുവണ്ണൂർ സൗത്ത് എ.യു.പി സ്കൂളിന് സമീപത്തെ പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.
നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ കരിമ്പാപൊയിൽ കുനിയിൽ താഴെ ഭാഗം മുഴുവൻ വെള്ളത്തിനടിയിലാണ്. ഇതിലൂടെ കടന്നുപോകുന്ന റോഡും വെള്ളത്തിനടിയിലായി. ഈ പ്രദേശത്ത് പ്രവർത്തിക്കുന്ന അംഗൻവാടിയിൽ വെള്ളം കയറിയതിനെത്തുടർന്ന് അധ്യയനം മുടങ്ങി. ഇവിടെയുള്ള ഫർണിച്ചറുകളും മറ്റും ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. പുളിയത്തിങ്ങൽ ആദകശേരി വിഭാഗങ്ങളിലും ജലനിരപ്പ് ഉയർന്നു തുടങ്ങി. നിരവധി വീടുകൾ ഇവിടെയും വെള്ളപ്പൊക്ക ഭീഷണിയിലാണ്. വാർഡ് മെംബർ കെ.കെ. സൗദയുടെ നേതൃത്വത്തിൽ നടുവണ്ണൂർ പഞ്ചായത്ത് ദുരന്തനിവാരണ സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് വിവിധ രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. കരുവണ്ണൂർ മീത്തലെ കുയ്യിൽ കുഞ്ഞായിയുടെ വീടിന് മുകളിൽ തെങ്ങ് വീണു.
ദുരന്തനിവാരണ സേനാംഗങ്ങളായ ഷൈജു തുരുത്തിയിൽ, രാജൻ കമ്മങ്ങാട്, ദിനേഷൻ പുളിയങ്കണ്ടി എന്നിവർ ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി. വാർഡ് 11ൽ രാമൻപുഴക്കടുത്ത് മേപ്പള്ളി മുത്തുവിന്റെ വീടിന് മുകളിൽ പ്ലാവ് വീണ് വീട് തകർന്നു. കീക്കോട്ട് കടവിൽ മരം വീണ് ഇലക്ട്രിക് തൂൺ തകർന്നു. പിന്നീട് കെ.എസ്.ഇ.ബി തൂൺ മാറ്റി സ്ഥാപിച്ചു.
വീടിനുമുകളിൽ തെങ്ങ് വീണു
കൊയിലാണ്ടി: ശക്തമായ ചുഴലിക്കാറ്റിൽ വീടിനു മുകളിലേക്ക് തെങ്ങ് വീണ് വീടിന്റെ മെയിൻ സ്ലാബ് തകർന്നു. നഗരസഭ കണയങ്കോട് 26-ാം വാർഡിൽ ഐ.ടി.ഐ സ്റ്റോപ്പിനു സമീപം വെങ്ങളത്താം വീട്ടിൽ (ജന്നത്ത്) ഹാരിസിന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെ 10.30നുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അയൽവീട്ടിലെ തെങ്ങ് ഹാരിസിന്റെ വീടിനു മുകളിലേക്ക് വീണത്.
കോൺക്രീറ്റ് വീടിന്റെ മുകളിലത്തെ മെയിൽ സ്ലാബും പാരപ്പെറ്റും തകർന്നിട്ടുണ്ട്. അപകടം നടക്കുന്ന സമയത്ത് വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. നഗരസഭ കൗൺസിലർ വി.എം. സിറാജ്, പന്തലായനി വില്ലേജ് അധികൃതരും സ്ഥലത്തെത്തി. സ്ലാബിന് വലിയ നീളത്തിൽ വിള്ളൽ ഉണ്ടായതോടെ കനത്ത സാമ്പത്തിക നഷ്ടമാണുണ്ടായത്.
അത്തോളി: ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് മരം വീണു. വൈദ്യുതി ലൈനുകൾ തകർന്നു. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെയാണ് അപകടം. അത്തോളി കണ്ടംപറമ്പത്ത് കീഴളത്ത് റോഡിന് സമീപം മാധ്യമപ്രവർത്തകൻ ബഷീർ കൂനോളിയുടെ വീടിന്റെ മുകൾഭാഗത്തേക്കാണ് എതിർവശത്തെ വീടിനു സമീപമുള്ള പ്ലാവിന്റെ പകുതിഭാഗം വീണത്. സംഭവസമയത്ത് ലൈനിൽ വൈദ്യുതിപ്രവാഹം ഇല്ലാത്തതിനാൽ മറ്റു അപകടങ്ങൾ ഉണ്ടായില്ല.
സ്കൂളിനു മുകളിൽ മരം വീണു
നടുവണ്ണൂർ: കോട്ടൂർ പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിലെ പെരുവച്ചേരി ഗവ. എൽ.പി സ്കൂളിലെ നഴ്സറി ബ്ലോക്കിനു മുകളിലേക്ക് കനത്ത മഴയിലും കാറ്റിലും മരം കടപുഴകി. വൻ ദുരന്തം ഒഴിവായി. നഴ്സറി ക്ലാസ് പ്രവർത്തിക്കുന്ന ഷീറ്റ് മേഞ്ഞ കെട്ടിടത്തിന് മുകളിലാണ് മരം വീണത്. വ്യാഴാഴ്ച രാവിലെ 10.20 നാണ് മരം വീണത്.
മഴയിലും കാറ്റിലും ഉണ്ണികുളത്ത് വ്യാപകനാശം; മരങ്ങൾ കടപുഴകി
എകരൂൽ: ശക്തമായ മഴയിലും കാറ്റിലും ഉണ്ണികുളം പഞ്ചായത്തിൽ വ്യാപക നാശം. വിവിധയിടങ്ങളിൽ കാറ്റിൽ മരം വീണ് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈനുകൾ തകരുകയും ചെയ്തു. എളേറ്റിൽ – വള്ളിയോത്ത് റോഡിൽ വടക്കെ നെരോത്ത് ട്രാൻസ്ഫോർമറിനടുത്ത് തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. ഈ ഭാഗത്ത് വൈദ്യുതി ലൈനും ട്രാൻസ്ഫോമറും തകർന്ന് വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
ഇയ്യാട് 18 ാം വാർഡിൽ താഴെ എടപ്രംകണ്ടി ഖദീജയുടെ ഓടിട്ട വീടിനു മുകളിലേക്ക് തേക്ക് മരം കടപുഴകി അടുക്കളഭാഗം തകർന്നു. വിറകുപുരയും തകർന്നിട്ടുണ്ട്. എകരൂൽ – വാളന്നൂർ റോഡിൽ കാർത്തിയേടത്ത് താഴെ അംഗൻവാടിക്കടുത്ത് പ്ലാവിന്റെ കൊമ്പ് മുറിഞ്ഞ് റോഡിലേക്ക് വീണു. വാർഡ് 15ൽ വള്ളിയോത്ത് – കപ്പുറം റോഡിൽ കൊല്ലരുകണ്ടി പറമ്പിൽനിന്ന് തെങ്ങ് റോഡിന് കുറുകെ മുറിഞ്ഞ് വീണു. രാവിലെ പത്തരയോടെയാണ് സംഭവം. ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെടുകയും വൈദ്യുതി ലൈൻ തകരുകയുംചെയ്തു. വൈദ്യുതി തൂണിനും കേടുപാടുകൾ സംഭവിച്ചു. കെ.എസ്.ഇ.ബി ഉണ്ണികുളം സെക്ഷൻ ഓഫിസ് ജീവനക്കാരെത്തിയാണ് വിവിധയിടങ്ങളിൽ ലൈനുകൾ മാറ്റി വൈകുന്നേരത്തോടെ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചത്. വള്ളിയോത്ത് പ്രദേശത്ത് കനത്ത മഴ വകെവക്കാതെ നാട്ടുകാരാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. വള്ളിയോത്ത് തെങ്ങിൻകുന്ന് പുരയിൽ ഷാജിലിന്റെ പറമ്പിലെ തെങ്ങും കവുങ്ങും കടപുഴകി വീണു.
തൊട്ടടുത്ത് തെങ്ങിൻകുന്നുമ്മൽ ബഷീറിന്റെ പറമ്പിലെ കുന്നിമരവും മുറിഞ്ഞ് വീണ് പ്രദേശത്ത് വൈദ്യുതി ലൈനുകൾ തകർന്നു. നാട്ടുകാരാണ് ഇവിടെയും മരങ്ങൾ മുറിച്ചുമാറ്റിയത്. ഈ ഭാഗത്ത് വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്.
ജലനിരപ്പ് ഉയരുന്നു; അയനിക്കാട് തുരുത്തിലെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
നടുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ അയനിക്കാട് തുരുത്തിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇവിടെയുള്ള രണ്ട് കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. നാല് വീടുകളുടെ തറ വരെ വെള്ളത്തിലാണ്. രാമൻ പുഴയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന അയനിക്കാട് തുരുത്തിൽ ഇരുപതോളം കുടുംബങ്ങളാണ് താമസിക്കുന്നത്.
ഓരോ വർഷവും മഴക്കാലത്ത് വെള്ളം കയറുന്നതിനെത്തുടർന്ന് മാറ്റി പാർപ്പിക്കുന്നത് നിത്യസംഭവമാണ്. മഴ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങേണ്ടിവരുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ദാമോദരൻ മാസ്റ്റർ പറഞ്ഞു. കെ.എം. ഗോപിയുടെ വീട്ടിലാണ് ഇപ്പോൾ താൽക്കാലിക താമസം ഒരുക്കുന്നത്. റവന്യൂ വകുപ്പ് ജീവനക്കാരായ രാജൻ, സജീവൻ, വിനോദ്, ദിനേശൻ, പ്രദേശവാസികളായ എ.എം. ഗംഗാധരൻ, വി.പി ബാബു, ബബീഷ്, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.