പയ്യോളി: ടൗണിലെ ബീച്ച് റോഡിൽ അനധികൃതമായി മത്സ്യവിൽപന ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ സംഘർഷവും ബഹളവും. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്കെതിരെ കൈയേറ്റമുണ്ടായെന്ന് കാണിച്ച് നഗരസഭ നൽകിയ പരാതിയിൽ പത്തപേർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ മത്സ്യവിൽപനക്കാരായ ടി.പി.സിദ്ദീഖ് , അർഷാദ്, മുഹമ്മദലി, ദിനേശൻ, കണ്ടാലറിയാവുന്ന മറ്റ് ആറുപേർ എന്നിവർക്കെതിരെയലാണ് പയ്യോളി പൊലീസ് കേസെടുത്തത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ഏറെ തിരക്കേറിയ ബീച്ച് റോഡിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഘർഷത്തിന്റെ വക്കിലെത്തിയ സംഭവത്തിനിടയിൽ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത മത്സ്യപ്പെട്ടികളും മറ്റ് വിൽപന ഉപകരണങ്ങളും നഗരസഭയുടെ ലോറിയിൽ കയറ്റിയത് വിൽപനക്കാരെ കൂടുതൽ പ്രകോപിതരാക്കി. ലോറിയിൽനിന്ന് ബലമായി വിൽപനക്കാർ തങ്ങളുടെ ഉപകരണങ്ങൾ തിരിച്ചെടുത്തതോടെ ഉദ്യോഗസ്ഥരും മത്സ്യവിൽപനക്കാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി.
പാതയോരത്ത് മത്സ്യവിൽപന നിരോധിച്ചുകൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ് നിലവിലുണ്ടെങ്കിലും അവ ലംഘിച്ച് മാസങ്ങളായി ബീച്ച് റോഡിൽ വൈകീട്ടോടെ ദിവസവും മത്സ്യവിൽപന തകൃതിയാണ്. ഇതിനെത്തുടർന്നാണ് ആരോഗ്യവിഭാഗം നടപടിയെടുത്തത്. കഴിഞ്ഞ ദിവസം ബീച്ച് റോഡിലെ മത്സ്യബൂത്ത് നഗരസഭ വീണ്ടും അടപ്പിച്ചിരുന്നു. അതേസമയം നഗരസഭ മത്സ്യമാർക്കറ്റ് ജനങ്ങൾക്ക് ഉപകാരമില്ലാത്ത അവസ്ഥയിലാണുള്ളത്.
മത്സ്യമാർക്കറ്റിൽ ആളുകൾ എത്താത്തതാണ് ബീച്ച് റോഡിൽ പാതയോര വിൽപന സജീവമാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കൃത്യനിർവഹണം തടസപ്പെടുത്തിയവർക്കെതിരെ ആരോഗ്യ വിഭാഗം പൊലീസിൽ പരാതി നൽകി. പരിശോധന നടപടികൾക്ക് ക്ലീൻ സിറ്റി മാനേജർ സി.ടി.കെ. മേഘനാഥൻ , എച്ച്.ഐ. ടി.പി. പ്രജീഷ് കുമാർ , വൈ. ബി. പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകി .