കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന്റെ ഭാഗത്ത് റെയൽ പാളം മുറിച്ചുകടക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദുരന്തങ്ങള്‍ ഉണ്ടാകുന്നത് ആവർത്തിക്കപ്പെടുന്നു. ഇക്കഴിഞ്ഞ ദിവസം ഫിഷറീസ് ഓഫിസിൽ പോയി വരുകയായിരുന്ന വീട്ടമ്മ റെയിൽ പാളം മുറിച്ചുകടക്കവെ അബദ്ധത്തില്‍ തീവണ്ടി തട്ടി മരിച്ചത് ഇതിൽ അവസാന സംഭവം. 10 വര്‍ഷത്തിനിടയില്‍ ഒട്ടനവധി മരണങ്ങള് ഈ മേഖലയില്‍ മാത്രം ഉണ്ടായിട്ടുണ്ട്. ഫൂട്ട് ഓവര്‍ ബ്രിഡ്ജോ ലെവല്‍ ക്രോസോ ഇല്ലാത്തതാണ് അപകടങ്ങള്‍ കൂടാന്‍ കാരണം.
പന്തലായനി ഗവ. എച്ച്.എസ്.എസിലെ മഹാ ഭൂരിപക്ഷം വിദ്യാർഥികളും സ്കൂളിലെത്തുന്നതും തിരിച്ചുപോകുന്നതും റെയിൽപാത മുറിച്ചു കടന്നാണ്. കൊയിലാണ്ടി നഗരത്തിന് വടക്കുള്ള പന്തലായനി ഭാഗത്തേക്ക് കാല്‍നടയായി പോകുന്നവര്‍ ഏറെയും പാളം മുറിച്ചാണ് യാത്ര ചെയ്യുക. എന്നാൽ, ഇന്ത്യന്‍ റെയില്‍വേ നിയമത്തിലെ 147 വകുപ്പ് അനുസരിച്ച് ഇത്തരം മുറിച്ചുകടക്കലുകൾ കുറ്റകരമാണെന്ന് കാണിച്ച് പലയിടങ്ങളിലും ബോര്‍ഡും റെയിൽവേ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൊതുജനങ്ങള്‍ക്കും ഉപകരിക്കുന്ന തരത്തില്‍ പാളത്തിന്റെ ഇരു പുറത്തേക്കും നീട്ടണമെന്നാണ് പന്തലായനി നിവാസികള്‍ ആവശ്യപ്പെടുന്നത്. അതല്ലെങ്കില്‍ പഴയകാലത്ത് മുത്താമ്പി റോഡ് നിലനിന്ന സ്ഥാനത്ത് പുതിയൊരു ഫൂട്ട് ഓവര്‍ ബ്രിഡിജ് സ്ഥാപിക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു. സമാന രീതിയില്‍ പന്തലായനി ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപവും ഫൂട്ട് ഓവർ ബ്രിഡ്ജ് വേണമെന്ന് ആവശ്യമുയരുന്നു. നിലവിലുള്ള ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് ദീര്‍ഘിപ്പിച്ചാല്‍ കാൽ നട യാത്രക്കാര്‍ക്ക് ഏറെ സൗകര്യമാകും. വെസ്റ്റ്ഹില്‍, കണ്ണൂര്‍, ചെറുവത്തൂര്‍, തൃശൂര്‍ എന്നിവിടങ്ങളിലൊക്കെ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പുറത്തേക്ക് നീട്ടി നിർമിച്ചിട്ടുണ്ട്. റെയിൽ പാളം ഇരട്ടിച്ചതോടെ അപകട സാധ്യതയും ഇവിടെ ഏറെയാണ്. കൊയിലാണ്ടി വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ റോഡുമായി ബന്ധിപ്പിച്ച് വാഹനങ്ങള്‍ക്കും ഇതുവഴി പോകാന്‍ കഴിയുന്ന വിധം പുതിയൊരു മേൽപാലം നിർമിച്ചാലും ആളുകള്‍ക്ക് പ്രയോജനപ്പെടും. പേരാമ്പ്ര, അരിക്കുളം, ഭാഗത്തുനിന്ന് വാഹനങ്ങളില്‍ വരുന്ന യാത്രക്കാര്‍, വാഹനം റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിര്‍ത്തി റെയില്‍വേ സ്റ്റേഷനിലേക്ക് എത്താന്‍ വലിയ സാഹസമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
പുതുതായി ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിർമിക്കാനുള്ള ചെലവ് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ, എം.എല്‍.എ, എം.പി എന്നിവരുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നോ ഉപയോഗിക്കണമെന്നാണ് റെയില്‍വേ അധികൃതര്‍ ആവശ്യപ്പെടുന്നത്. ഫണ്ട് ലഭ്യമാക്കിയാല്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന് റെയില്‍വേ അനുമതി നല്‍കും.
പന്തലായനി, വിയ്യൂര്‍ പ്രദേശത്ത് അയ്യായിരത്തോളം കുടുംബങ്ങള്‍ തിങ്ങിത്താമസിക്കുന്നുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരും മുറിച്ചുകടന്നാണ് ഇപ്പുറത്ത് എത്തുന്നത്. റെയില്‍വേ നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍, മറു ഭാഗത്ത് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തം റെയില്‍വേ അധികാരികള്‍ക്കുണ്ട്. പഴയ മുത്താമ്പി റോഡില്‍ റെയില്‍വേ ഗേറ്റ് നിലനിന്ന സ്ഥലത്ത് ഫൂട്ട് ഓവര്‍ ബ്രിഡ്ജ് നിർമിക്കാന്‍ കൊയിലാണ്ടി നഗരസഭ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് നഗരസഭ ബജറ്റില്‍ പറഞ്ഞിരുന്നു. മാസ്റ്റര്‍ പ്ലാൻ തയാറാക്കി റെയില്‍വേ അധികൃതര്‍ക്ക് കൈമാറണം. എന്നാൽ, മാത്രമേ ജനങ്ങളുടെ പ്രശ്നം പരിഹൃതമാവുകയുള്ളൂ.