
രാമനാട്ടുകര: ജ്വല്ലറിയുടെ ചുമർ തുരന്ന് മോഷണത്തിന് ശ്രമം നടത്തിയ പ്രതി പിടിയിൽ. മധ്യപ്രദേശ് രേവ ജില്ലയിലെ നെക്മണി സിങ് പട്ടേൽ (27) ആണ് പൊലീസ് പിടിയിലായത്. തിങ്കളാഴ്ച പുലർച്ച മൂന്നിനായിരുന്നു സംഭവം.
ദുബായി ഗോൾഡ് ജ്വല്ലറിയുടെ പടിഞ്ഞാറുഭാഗത്തെ ചുമരിന്റെ തറ നിരപ്പിൽനിന്ന് ഒരു മീറ്ററോളം ഉയരത്തിൽ പിക്കാസ് ഉപയോഗിച്ച് തുരന്നാണ് കള്ളൻ അകത്തു കയറിയത്. ഉടൻ അലാറം മുഴങ്ങിയതോടെ സെക്യൂരിറ്റി ജീവനക്കാരൻ ശങ്കരൻ ജ്വല്ലറിക്ക് അടുത്ത് താമസിക്കുന്ന മറ്റു ജീവനക്കാരെയും ഉടമയെയും വിവരം അറിയിക്കുകയായിരുന്നു. ജീവനക്കാരുൾപ്പെടെ അകത്തുനടത്തിയ പരിശോധനയിൽ കെട്ടിടത്തിന്റെ പടിഞ്ഞാറു ഭാഗത്തെ ഭിത്തി തുരന്നതായി കണ്ടെത്തി. എന്നാൽ, ഈ സമയത്ത് കള്ളൻ ജ്വല്ലറിക്ക് അകത്തു നിൽക്കുകയും തുടർന്ന് ഇവരുടെ കണ്ണുവെട്ടിച്ച് അകത്തു കയറാൻ തുരന്ന ദ്വാരത്തിലൂടെ പുറത്തേക്കുചാടി രക്ഷപ്പെടുകയായിരുന്നു.

മോഷണശ്രമം നടന്ന രാമനാട്ടുകര ദുബായി ഗോൾഡിലെത്തിയ പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാൽ, അസി. കമീഷണർ സാജു എബ്രഹാം എന്നിവർ
ജീവനക്കാർ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. ചുമര് തുരക്കാൻ ഉപയോഗിച്ച പിക്കാസ് സംഭവസ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. സാധാരണപോലെ ഞായറാഴ്ച രാത്രി എട്ടിന് ജ്വല്ലറി അടച്ചുപോയതാണെന്ന് ദുബായ് ഗോൾഡ് ഡയറക്ടർ അബ്ദുൽ അസീസ് അല്ലിപ്ര പറഞ്ഞു. പൊലീസ് ഡെപ്യൂട്ടി കമീഷണർ അനൂജ് പലിവാൽ, അസി. കമീഷണർ സാജു എബ്രഹാം, എസ്.ഐമാരായ ആർ.എസ്. വിനയൻ, എസ്. അനൂപ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വോഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു.