ബേപ്പൂർ: പായലും കുളവാഴയും അടിഞ്ഞുകൂടി ഉപയോഗശൂന്യമായ പെരുമ്പാട്ട് കുളം പരിസരവാസികൾക്ക് പ്രയാസം സൃഷ്ടിക്കുന്നു. അരക്കിണർ മേഖലയിലെ ജനങ്ങളെ വരൾച്ചയിൽ നിന്നും രക്ഷിക്കുന്ന സുപ്രധാന ജലസ്രോതസ്സാണ് പെരുമ്പാട്ടുകുളം. കോർപറേഷൻ ബേപ്പൂർ സോണൽ പരിധിയിലെ 52 ാം ഡിവിഷനിൽ അരക്കിണർ ടൗൺ സുന്നി ജുമുഅത്ത് പള്ളിയുടെ പിൻവശത്താണ് കുളം സ്ഥിതിചെയ്യുന്നത്. 2020ൽ പൊതു ജല സ്രോതസ്സുകൾ സംരക്ഷിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായി കോർപറേഷൻ ഹരിത കേരള മിഷൻ ‘തെളിനീർ’ പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരണ പ്രവൃത്തികൾ നടത്തിയിരുന്നു. പുനരുദ്ധാരണ പദ്ധതികൾ നടപ്പിലാക്കിയ ജലസ്രോതസ്സുകളെ പരിപാലിച്ചു നിലനിർത്താൻ പദ്ധതികളില്ലാത്തതിനാൽ അവ വീണ്ടും നശിച്ച് ദുഷിച്ചു നാറുകയാണ്.
ചളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ കുളം ഉപയോഗ രഹിതമായി. പുല്ലും പായലും വളർന്ന് വെള്ളം അഴുകിയ നിലയിലാണ്. ജനവാസ മേഖലയിലെ കുളത്തിൽ മാലിന്യം കെട്ടിനിൽക്കുന്നത് സമീപവാസികൾക്ക് ദുരിതമായി. അഴുകിയ വെള്ളക്കെട്ടിൽ നിന്നും ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്. പരിസരവാസികൾ സാംക്രമിക രോഗ ഭീതിയിലുമാണ്. വരൾച്ചക്കാലത്ത് മേഖലയിലെ കിണറുകളിൽ ജലവിതാനം താഴാതെ നിലനിർത്താൻ സഹായകമായ കുളം ശുചീകരിച്ചു സംരക്ഷിക്കാൻ കോർപറേഷന്റെ ഭാഗത്തുനിന്നും നടപടി വൈകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.