നാദാപുരം: ചെങ്കൽ ലോറി കയറിയതിനെ തുടർന്ന് തകർന്ന കല്ലാച്ചി വാണിയൂർ റോഡിലെ ഓവുചാലിന്റെ സ്ലാബ് നിർമാണം നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു. ബലക്കുറവുമൂലം തകർന്ന സ്ലാബുകളുടെ പുനർ നിർമാണത്തിന് വീണ്ടും വണ്ണം കുറഞ്ഞ കമ്പി ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ തടഞ്ഞത്. കല്ലാച്ചി -വാണിയൂർ റോഡിലെ തകർന്ന സ്ലാബ് മാറ്റിസ്ഥാപിക്കാൻ പി.ഡബ്ല്യു.ഡി അധികൃതരുടെ മേൽനോട്ടത്തിലാണ് ജോലി ആരംഭിച്ചത്.
സ്ലാബ് മാത്രം മാറ്റി നിർമിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. എന്നാൽ, വർഷങ്ങൾക്ക് മുമ്പേ പണിത ഓവുചാലിന്റെ ഭിത്തിക്ക് ബലം കുറവാണെന്നതാണ് നാട്ടുകാരുടെ പരാതി. ഭിത്തി മാറ്റിപ്പണിയാതെ നിലവിലെ ഭിത്തിയിൽതന്നെ സ്ലാബ് പുനഃസ്ഥാപിക്കുന്നത് വീണ്ടും അപകടത്തിനിടയാക്കുമെന്നും നാട്ടുകാർ പറയുന്നു. കൂടാതെ ഭാരം കയറ്റിയ വാഹനങ്ങൾ നിരന്തരം പോകുന്ന വഴിയായതിനാൽ സ്ലാബിന് ഉപയോഗിക്കുന്ന കമ്പിയുടെ വണ്ണത്തെക്കുറിച്ചും തർക്കമായി.
കല്ലാച്ചി ടൗണിലെ വെള്ളം മുഴുവൻ വാണിയൂർ തോട്ടിലേക്ക് എത്തുന്നത് ഇതുവഴിയാണ്. പ്രതിഷേധം കനത്തതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി സ്ഥലത്തെത്തി ഓവർസിയറോടും കരാർ പ്രതിനിധിയോടും സംസാരിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കാതെ സ്ലാബ് നിർമിക്കാൻ പാടില്ലെന്ന പ്രസിഡന്റിന്റെ നിർദേശത്തെ തുടർന്ന് നിർമാണ ജോലി നിർത്തി. കല്ലാച്ചിയിൽനിന്ന് തണ്ണീർപന്തൽ, വില്യാപ്പള്ളി ഭാഗത്തേക്ക് ഇതുവഴിയുള്ള യാത്ര ഒരാഴ്ചയായി തടഞ്ഞിരിക്കുകയാണ്.