തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ നിർദേശങ്ങൾ അവഗണിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുമായി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും. കൊതുകു വളരുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കിയതിന് വീട്ടുടമയിൽനിന്ന് പിഴ ഈടാക്കി.
വീടുകളുടെയും സ്ഥാപനങ്ങളുടെയും തോട്ടങ്ങളുടെയും പരിസരങ്ങളിൽ കൊതുകു വളരുന്നതിന് സാഹചര്യങ്ങൾ ഒരുക്കിയാൽ ഉടമയിൽനിന്ന് 10,000 രൂപ വരെ പിഴ ഈടാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫും മെഡിക്കൽ ഓഫിസർ ഡോ. കെ.വി. പ്രിയയും അറിയിച്ചു. പരിശോധനക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ, പഞ്ചായത്തംഗങ്ങളായ ലിസി സണ്ണി, ഷൈനി ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് മുസ്തഫ ഖാൻ, ജെ.പി.എച്ച്.എൻ വിജിമോൾ, ഉഷ ചന്ദ്രൻ, അജിന ദിലീപ്, സുമി അബ്രഹാം എന്നിവർ നേതൃത്വം നൽകി.