വടകര: മണിയൂർ ഗ്രാമപഞ്ചായത്തിൽ വീടുകളിൽ നിന്നും മറ്റും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം നീക്കാൻ നടപടിയില്ല. ഹരിത കർമസേന വീടുകൾ കയറിയിറങ്ങി ശേഖരിച്ച മാലിന്യമാണ് പലയിടത്തും കുന്നുകൂടി കിടക്കുന്നത്. കാലവർഷത്തിൽ ഇത്തരം മാലിന്യങ്ങൾ കടുത്ത ആരോഗ്യ ഭീഷണിക്കിടയാക്കും.
പെരണ്ടത്തൂർ ചിറയുടെ തീരത്ത് മാലിന്യങ്ങൾ ശേഖരിച്ചത് ഉടൻ നീക്കം ചെയ്തില്ലെങ്കിൽ പാടശേഖരത്തെ ബാധിക്കും. ശേഖരിച്ച മാലിന്യങ്ങൾ ഉടൻ നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി തീരുമാനിച്ചു.
ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. കൊളായി രാമചന്ദ്രൻ, സി.എം. സതീശൻ, റസാഖ് മഠത്തിൽ, ആർ.പി. ഷാജി. പി.എം. അഷ്റഫ്, രാധാകൃഷ്ണൻ ഒതയോത്ത്, കെ.കെ. പ്രശാന്ത്, ഇസ്മായിൽ ചില്ല, കെ.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.