മുക്കം: റസ്റ്റാറന്റിൽ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം കൊടുക്കാത്തതിന് മധ്യവയസ്കനെ ഗുണ്ടസംഘം ക്രൂരമായി മർദിച്ചു. മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന ചാത്തമംഗലം നെച്ചൂളി സ്വദേശി പനങ്ങാട് വീട്ടിൽ മുസ്തഫക്കാണ് മർദനമേറ്റത്.
ചൊവ്വാഴ്ച രാത്രി ഒമ്പതിന് മണാശ്ശേരിയിലെ റസ്റ്റാറന്റിൽ വെച്ചാണ് മുസ്തഫയെ ഗുണ്ടസംഘം മർദിച്ചത്. ആക്രമണത്തിനുശേഷം ഒളിവിൽപോയ പ്രതികളെ മുക്കം പൊലീസ് പിടികൂടി.
ജോലികഴിഞ്ഞ് മണാശ്ശേരിയിലെ റസ്റ്റാറന്റിൽനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ആറു പേരടങ്ങിയ സംഘമെത്തി തങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കണമെന്ന് മുസ്തഫയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ, നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ തുക ഞാൻ എന്തിന് കൊടുക്കണമെന്ന് തിരിച്ചുചോദിച്ച മുസ്തഫയെ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. നിലത്തിട്ട് ചവിട്ടുകയും ശരീരമാസകലം മർദിക്കുകയും ചെയ്തു. മുസ്തഫയുടെ ഇരുചക്ര വാഹനവും പ്രതികൾ തകർത്തു. തലക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ മുസ്തഫ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിൽ ചികിത്സയിലാണ്. വാരിയെല്ലിന് പൊട്ടലുമുണ്ട്. ആക്രമികൾ സ്ഥിരമായി ഇത്തരത്തിൽ പണം ചോദിച്ച് ആക്രമണം നടത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.
സംസ്ഥാനം വിടാൻ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മണാശ്ശേരി സ്വദേശികളായ സജി, ദിലീഷ്, പ്രവീൺ, പ്രജീഷ്, രാകേഷ്, ഷിബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.