ബേപ്പൂർ: നിർത്തിയിട്ട ലോറിയിൽനിന്ന് പണവും രേഖകളും മോഷ്ടിച്ച രണ്ടുപേരെ ബേപ്പൂർ പൊലീസ് പിടികൂടി. പയ്യാനക്കൽ ചാമുണ്ടി വളപ്പ് സ്വദേശികളായ പുളിക്കൽ തൊടി സി.വി. മുഹമ്മദ് ഷംസീർ (22), ജാസ്മിൻ മൻസിലിൽ മുഹമ്മദ് ജാസു (26) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ആഴ്ച എറണാകുളത്ത് മത്സ്യം ഇറക്കി ബേപ്പൂർ ഫിഷിങ് ഹാർബറിൽ തിരിച്ചെത്തിയ ‘സുൽത്താൻ’ ലോറിയിൽനിന്നാണ് പ്രതികൾ പണവും രേഖകളും അടങ്ങിയ ബാഗ് മോഷ്ടിച്ചത്.
ഹാർബറിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ ഉറങ്ങുമ്പോഴായിരുന്നു മോഷണം. മുപ്പതിനായിരം രൂപയും, ലൈസൻസ്, ആധാർ, ആർ.സി, എ.ടി.എം കാർഡ് എന്നീ രേഖകളും നഷ്ടപ്പെട്ടിരുന്നു. ഫിഷിങ് ഹാർബറിൽ സ്ഥാപിച്ച സി.സി.ടി.വി പരിശോധിച്ചതിൽ രാവിലെ എട്ടുമണിയോടെ സ്കൂട്ടറിലെത്തിയ രണ്ടുപേർ ലോറിയിൽ കയറി ബാഗ് മോഷ്ടിച്ചത് ശ്രദ്ധയിൽപ്പെട്ടു.
തുടർന്ന് മോഷ്ടാക്കൾ സഞ്ചരിച്ച സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ചും, സമാന കേസുകളിൽ ഉൾപ്പെട്ടവരെക്കുറിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്.
വെള്ളിയാഴ്ച പുലർച്ചെ പൊലീസ് ഒന്നാം പ്രതിയുടെ വീട്ടിലെത്തിയപ്പോൾ പ്രതി ടെറസിന്റെ മുകളിൽനിന്ന് താഴേക്കുചാടുകയും പിന്തുടർന്ന പൊലീസിനെ കബളിപ്പിച്ച് ഇരുട്ടിൽ മറയുകയും ചെയ്തു. മണിക്കൂറുകൾക്കുശേഷം പൊലീസ് വഴിയിൽ ഒളിഞ്ഞിരിക്കുന്നത് അറിയാതെ വീട്ടിലേക്കുതിരിച്ചെത്തിയ ഒന്നാം പ്രതിയെ ബേപ്പൂർ, പന്നിയങ്കര പൊലീസ് സംഘം സാഹസികമായാണ് കീഴടക്കിയത്.
ഇയാളെ ചോദ്യം ചെയ്തതിൽ കൂട്ടുപ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെയും വീട്ടിലെത്തി പിടികൂടുകയായിരുന്നു. ബോട്ടിന്റെ വല മോഷ്ടിച്ച കേസിൽ ഒന്നാംപ്രതി മുഹമ്മദ് ഷംസീറിനെ ആറുമാസം മുമ്പ് ബേപ്പൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ മോട്ടോർ മോഷണം, കഞ്ചാവ് ഉപയോഗം എന്നീ കുറ്റങ്ങളിൽ പന്നിയങ്കര സ്റ്റേഷനിലും കേസ് നിലവിലുണ്ട്.
കസബ, വാഴക്കാട് സ്റ്റേഷനിലും ഒന്നാം പ്രതിക്കെതിരെ കേസുണ്ട്. രണ്ടാം പ്രതി പോക്സോ കേസിൽ പന്നിയങ്കര സ്റ്റേഷനിൽ പ്രതിയാണ്. കോഴിക്കോട് ടൗൺ, കസബ സ്റ്റേഷനുകളിലും കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സി.ഐ ജയകൃഷ്ണൻ, എസ്.ഐ ശുഹൈബ്, സി.പി.ഒ സജീഷ് കുമാർ, എസ്.സി.പി.ഒ മധുസൂദനൻ, ഷീന എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.