അത്തോളി: മേഘാലയ ചിറാപ്പുഞ്ചിയിലെ വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ച അത്തോളി സ്വദേശിയായ സൈനികന് ജന്മനാടിന്റെ യാത്രാമൊഴി. ഇന്ത്യന്‍ ആർമി മിലിറ്ററി പൊലീസിൽ അംഗമായിരുന്ന ഹവില്‍ദാർ അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചക്കാണ് കരിപ്പൂരിൽ എത്തിച്ചത്. ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ അംഗങ്ങളുടെ അകമ്പടിയോടെയാണ് വിലാപ യാത്ര വൈകീട്ട് മൂന്നരയോടെ സ്വദേശമായ അത്തോളിയിൽ എത്തിയത്.
കുനിയിൽ കടവ് മരക്കാടത്ത് വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. കാനത്തിൽ ജമില എം.എൽ.എ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ, വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ഡെപ്യൂട്ടി തഹസിൽദാർ ബി. ബബിത, വില്ലേജ് ഓഫിസർ ആർ. സുബ്രഹ്മണ്യൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പിന്നീട്, വെസ്റ്റ് ഹിൽ പൊതുശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഞായറാഴ്ച ഉച്ചക്കാണ് അനീഷ് അപകടത്തിൽപെട്ടത്. അവധി കഴിഞ്ഞ് മേയ് 12നായിരുന്നു കുടുംബ സമേതം ജോലിസ്ഥലത്തേക്ക് തിരിച്ചുപോയത്. ചിറാപുഞ്ചിലെ ലിംഗ്സിയാര്‍ വെള്ളച്ചാട്ടത്തിൽ വിനോദയാത്രക്കിടെയായിരുന്നു മരണം.