പാലേരി: കടിയങ്ങാട് പുഴയോരത്തെ ബാംബൂ പാര്‍ക്ക് സംരക്ഷണമില്ലാതെ അനാഥമായി. ചങ്ങരോത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് പിറകിലായി നിര്‍മിച്ച പാര്‍ക്കിൽ പുഴയോരത്തെ മുളങ്കാടുകൾ വശ്യമനോഹരമായ കാഴ്ചയാണ് ഒരുക്കിയിരുന്നത്.
കുറ്റ്യാടി – കോഴിക്കോട് സംസ്ഥാന പാതയോരത്ത് സ്ഥിതിചെയ്യുന്ന ഈ പാര്‍ക്കിൽ വിനോദസഞ്ചാരികളും എത്തിയിരുന്നു. നിലവിൽ, സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയകളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
ജില്ല പഞ്ചായത്തും ടൂറിസം വകുപ്പും പാര്‍ക്കിന്റെ നവീകരണത്തിനായി ലക്ഷങ്ങള്‍ വകയിരുത്തിയിരുന്നു. പാര്‍ക്ക് യാഥാർഥ്യമായാല്‍ പ്രദേശത്തെ തൊഴില്‍രഹിതരായ കുറച്ചുപേര്‍ക്കെങ്കിലും ജോലി ലഭിക്കും. ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് പാര്‍ക്കുള്ളത്. എത്രയും പെട്ടെന്ന് പാര്‍ക്കിന്റെ പണി പൂര്‍ത്തീകരിക്കണമെന്നും പാര്‍ക്കിലെ സാമൂഹികവിരുദ്ധ ശല്യത്തിനും ലഹരി മാഫിയക്കുമെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് (എം) ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മണ്ഡലം വൈസ് പ്രസിഡന്റ് സദു തിരുവോത്ത് അധ്യക്ഷത വഹിച്ചു.മനോജ് പാലേരി, കെ.കെ. സുരേഷ് മുതുവണ്ണാച്ച എന്നിവര്‍ സംസാരിച്ചു.