താമരശ്ശേരി: യുവതിയുടെ വീട്ടിലെത്തിയ കാമുകനെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചു. കട്ടിപ്പാറ അമരാട് സ്വദേശിനിയായ യുവതിയുടെ വീട്ടിലെത്തിയ അരീക്കോട് സ്വദേശി മുഹമ്മദ് ലുഹൈബിനാണ് (24) തലക്കും മുഖത്തും വെട്ടേറ്റത്.
ശരീരമാസകലം പരിക്കുണ്ട്. ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി ഒന്നരയോടെയാണ് സംഭവം. യുവതിയും ഭർത്താവും കിടപ്പുമുറിയിലുള്ളപ്പോഴാണ് കാമുകൻ കയറിവന്നത്. ഇതുകണ്ട ഭർത്താവ് കത്തിയെടുത്ത് കാമുകനെ വെട്ടുകയായിരുന്നു. കട്ടിപ്പാറ അമരാടുള്ള യുവതിയുടെ വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
യുവതിയെയും കുഞ്ഞിനെയും കാണാനില്ലെന്ന് കാണിച്ച് നാലു ദിവസം മുമ്പ് ഭർത്താവ് ഫായിസ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. കൂട്ടുകാരിയുടെ വീട്ടിൽ പോവുകയാണെന്നു പറഞ്ഞാണ് യുവതി കുഞ്ഞുമായി വീടുവിട്ടിറങ്ങിയത്. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുന്നതിനിടയിൽ തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ലുഹൈബിന്റെ ബന്ധുക്കൾ യുവതിയെ താമരശ്ശേരി പൊലീസിലെത്തിക്കുകയായിരുന്നു.
തുടർന്ന് ഭർത്താവിനെയും മാതാവിനെയും വിളിച്ചുവരുത്തി സംസാരിച്ചശേഷം പന്ത്രണ്ടരയോടെ വീട്ടിലേക്ക് വിട്ടു. വീട്ടിലെത്തി അരമണിക്കൂറിനകമാണ് ലുഹൈബ് കയറിവന്നത്. ഓടിരക്ഷപ്പെട്ട ലുഹൈബിനൊപ്പം യുവതിയും വീടുവിട്ടിറങ്ങി. കട്ടിപ്പാറ അങ്ങാടിയിലെത്തിയശേഷം നാട്ടുകാർ ആംബുലൻസ് വിളിച്ചുവരുത്തി ലുഹൈബിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ലുഹൈബിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ യുവതിയുടെ ഭർത്താവ് പുതുപ്പാടി സ്വദേശി ഫായിസിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.