കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് ഒരാഴ്ചക്കിടെ എയർ കസ്റ്റംസ് പിടികൂടിയത് 1.67 കോടിയുടെ കള്ളക്കടത്ത് സ്വർണം. കൂടാതെ 3.6 ലക്ഷം രൂപ വില മതിക്കുന്ന 30,000 സിഗരറ്റ് സ്റ്റിക്കുകളും പിടിച്ചെടുത്തു. തന്ത്രപരമായാണ് സ്വർണക്കടത്തിന് ശ്രമം നടന്നത്. സ്വർണം ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ച് വെജിറ്റബ്ൾ ചോപ്പറിനുള്ളിലും വസ്ത്രങ്ങൾക്കുള്ളിലും കാപ്സ്യൂൾ രൂപത്തിലുമെല്ലാം മറച്ചുവെച്ചായിരുന്നു കടത്ത്.
ദുബൈയിൽനിന്നെത്തിയ കണ്ണൂർ സ്വദേശിനിയിൽനിന്ന് 80.78 ലക്ഷം രൂപയും മലപ്പുറത്തുനിന്നുള്ള യാത്രക്കാരനിൽനിന്ന് കാപ്സ്യൂൾ രൂപത്തിൽ കടത്താൻ ശ്രമിച്ച 54.56 ലക്ഷം രൂപയുടെ സ്വർണവുമാണ് പിടികൂടിയത്.
ദോഹയിൽനിന്ന് എത്തിയ താമരശ്ശേരി സ്വദേശിയായ യാത്രക്കാരന്റെ ബാഗേജിനുള്ളിൽ സൂക്ഷിച്ചിരുന്ന 16.01 ലക്ഷം രൂപയുടെ സ്വർണവും ദുബൈയിൽനിന്ന് എത്തിയ കാസർകോട് സ്വദേശിയായ യാത്രക്കാരൻ വെജിറ്റബ്ൾ ചോപ്പറിനുള്ളിൽ ഒളിപ്പിച്ച 16.08 ലക്ഷം രൂപ വില വരുന്ന സ്വർണവും പിടികൂടിയതിലുണ്ട്. മസ്കത്തിൽനിന്ന് എത്തിയ കാസർകോട് സ്വദേശികളായ രണ്ട് യാത്രക്കാരിൽനിന്നാണ് 3.6 ലക്ഷം രൂപ വില മതിക്കുന്ന 30,000 ഗോൾഡ് ഫ്ലേക്ക് ബ്രാൻഡ് സിഗരറ്റുകൾ പിടിച്ചെടുത്തത്.