കുന്ദമംഗലം: കുന്ദമംഗലത്തെ അക്ഷയ സെന്ററിലും മുറിയനാലിലെ മെഡിക്കൽ ഷോപ്പിലും മോഷണം. ദേശീയപാതയിൽ കുന്ദമംഗലം അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന അക്ഷയ സെന്ററിലാണ് ഞായറാഴ്ച പുലർച്ച രണ്ടോടെ മോഷണം നടന്നത്. സെന്ററിന്റെ ഗ്ലാസ് നീക്കി ഷട്ടറിന്റെ പൂട്ടുപൊട്ടിച്ചാണ് മോഷ്ടാക്കൾ അകത്തുകയറിയത്.
ഒരു മൊബൈൽ ഫോണും ചില്ലറ നാണയങ്ങൾ ഉൾപ്പെടെ 15,000ത്തോളം രൂപയും മോഷണം പോയതായും സെന്ററിലെ മുഴുവൻ സാധനങ്ങളും വാരിവലിച്ചിട്ടിരുന്നുവെന്നും അക്ഷയ സെന്റർ ഉടമ പറഞ്ഞു.
ഞായറാഴ്ചയായതിനാൽ മോഷണവിവരം ഉടമ അറിഞ്ഞിരുന്നില്ല. മോഷണംപോയ ഫോണിലേക്ക് അക്ഷയ സെന്ററിൽനിന്നുള്ള ആവശ്യത്തിന് ഒരാൾ വിളിച്ചപ്പോൾ നടക്കാവിൽനിന്ന് മറ്റൊരാൾ ഫോൺ അറ്റൻഡ് ചെയ്തപ്പോഴാണ് മോഷണവിവരം അറിയുന്നത്.
തുടർന്ന് അക്ഷയ സെന്റർ ഉടമ ആ ഫോണിലേക്ക് വിളിച്ചപ്പോഴാണ് നടക്കാവിലെ ഒരു ഹോട്ടലിലെ വേസ്റ്റ് ബിന്നിൽനിന്ന് ഹോട്ടലുടമക്ക് ഫോൺ ലഭിച്ച വിവരം അറിയുന്നത്. പിന്നീട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹോട്ടൽ ഉടമ ഫോൺ ഏൽപിക്കുകയും ചെയ്തു. അക്ഷയ സെന്ററിലെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് മനസ്സിലായത്.
മൂന്നുപേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വിയിൽനിന്ന് വ്യക്തമായതായി ഉടമ പറഞ്ഞു. ഞായറാഴ്ച രാവിലെ 10.30ഓടെയാണ് അക്ഷയ സെന്റർ ഉടമ മോഷണവിവരം അറിയുന്നത്. തുടർന്ന് കുന്ദമംഗലം പൊലീസിൽ അറിയിച്ചു.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, ഫിംഗർ പ്രിന്റ് വിദഗ്ധരും പരിശോധനക്കെത്തിയിരുന്നു.
ഞായറാഴ്ച പുലർച്ച ഒരു മണിയോടെയാണ് മുറിയനാലിലെ മെഡിക്കൽ ഷോപ്പിൽ മോഷണം നടന്നത്. 12,000 രൂപ നഷ്ടപ്പെട്ടെന്ന് നടത്തിപ്പുകാരൻ പറഞ്ഞു. പരാതിയിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു. ഡോഗ് സ്ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലം സന്ദർശിച്ചു തെളിവെടുപ്പ് നടത്തി. കുന്ദമംഗലത്ത് അക്ഷയ സെന്ററിൽ മോഷണം നടത്തിയതും ഈ സംഘമാണെന്ന് സി.ഐ എസ്. ശ്രീകുമാർ പറഞ്ഞു.