കോഴിക്കോട്: തിരുവമ്പാടിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ നിന്ന് വോട്ടെടുപ്പിന് തലേദിവസം തുണിത്തരങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കേസെടുത്തു. പൊന്നാങ്കയം സ്വദേശി കാനാട്ട് രഹുലാലിനെതിരെയാണ് തിരുവമ്പാടി പൊലീസ് കേസെടുത്തത്.
തെരഞ്ഞെടുപ്പിന് തലേന്ന് വോട്ടർമാരെ സ്വാധീനിക്കാനാണ് തുണിത്തരങ്ങൾ കൊണ്ടു വന്നതാണെന്നാണ് എഫ്.ഐ.ആർ. ഐ.പി.സി 171 ബി, 171 ഇ എന്നീ വകുപ്പുകൾ പ്രകാരം കൈക്കൂലി, ജനപ്രാതിനിധ്യം വകുപ്പിലെ 123 ബി സമ്മാനം നൽകി വോട്ടർമാരെ സ്വാധീനിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടി പൊന്നാങ്കയത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. കണ്ടെയ്നറിൽ കൊണ്ടുവന്ന നൈറ്റി, മുണ്ട് അടക്കമുള്ള തുണിത്തരങ്ങൾ വലിയ പാക്കറ്റുകളിലാക്കി വീടുകളിൽ എത്തിക്കുകയായിരുന്നു. തുണിത്തരങ്ങളെ കുറിച്ച് തനിക്കറിയില്ലെന്നും പ്രാദേശിക നേതാവാണ് വീട്ടിലെത്തിച്ചതെന്നുമാണ് രഹുലാലിന്റെ വിശദീകരണം.