വടകര: തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കുന്ന 24ന് കേന്ദ്രീകൃത കൊട്ടിക്കലാശം ഒഴിവാക്കാൻ വടകര ഡിവൈ.എസ്.പി വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗത്തിൽ തീരുമാനിച്ചു. വടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ വില്യാപ്പള്ളി ടൗണിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് യാതൊരു കൊട്ടിക്കലാശവും നടത്തില്ല.
വടകര മുനിസിപ്പൽ പരിധി, ആയഞ്ചേരി, തിരുവള്ളൂർ എന്നിവിടങ്ങളിൽ മൂന്നു മുന്നണികൾക്കും പ്രത്യേകം സ്ഥലങ്ങളിൽ മാത്രമേ യോഗം നടത്താൻ പാടുള്ളൂ. പ്രകടനങ്ങൾ, ഓപൺ വാഹനങ്ങളിലെ പ്രചാരണം, ഡി.ജെ വാദ്യങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കും. 24ന് വൈകീട്ട് നാലിനുശേഷം സ്ഥാനാർഥി വാഹനം, ഒഴികെയുള്ള വാഹനങ്ങളിലുള്ള പ്രചാരണങ്ങൾ പൂർണമായും അവസാനിപ്പിച്ച് അനുവദിച്ച സ്ഥലങ്ങളിൽ കോർണർ മീറ്റിങ് നടത്താവുന്നതാണ്.
നാലിനുശേഷം വാഹനങ്ങൾ ഓടിച്ചുള്ള പ്രചാരണ പരിപാടി പൂർണമായും ഒഴിവാക്കും. മുന്നണികളുടെ പഞ്ചായത്തുതല യോഗങ്ങൾ വിളിച്ചുചേർത്ത് പഞ്ചായത്തിൽ നടപ്പിലാക്കേണ്ട തീരുമാനങ്ങൾ അറിയിക്കും. മണിയൂർ പഞ്ചായത്തിലെ കുറുന്തോടിയിൽ യാതൊരുവിധ പ്രചാരണ പരിപാടിയും അനുവദിക്കില്ല.
ഡിവൈ.എസ്.പി കെ. വിനോദ് കുമാർ അധ്യക്ഷതവഹിച്ചു. വടകര സി.ഐ ടി.പി. സുമേഷ്, എസ്.ഐമാരായ കെ. മുരളീധരൻ, ധന്യാ കൃഷ്ണൻ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ടി.പി. ഗോപാലൻ, ടി.പി. ബിനീഷ് (സി.പി.എം), സതീശൻ കുരിയാടി, സി.പി. വിശ്വനാഥൻ (കോൺഗ്രസ്), കെ.സി. മുജീബ് റഹ്മാൻ, എം. ഫൈസൽ (മുസ്ലിം ലീഗ്), പി.പി. വ്യാസൻ, ടി.വി. ഭരതൻ (ബി.ജെ.പി) എന്നിവർ യോഗത്തിൽ പങ്കെടുത്തു.