കൊടിയത്തൂർ: മലയോര ഗ്രാമമായ കൊടിയത്തൂരും സമീപ പ്രദേശങ്ങളിലും ലഹരി മാഫിയ സജീവമാകുന്നതിൽ കടുത്ത ആശങ്ക. പന്നിക്കോട്, കോട്ടമുഴി, കൊടിയത്തൂർ പാടം, തെയ്യത്തും കടവ്, കാരക്കുറ്റി, തടായികുന്ന്, പഴംപറമ്പ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ലഹരി മാഫിയ പ്രവർത്തിക്കുന്നത്. പകൽസമയങ്ങളിൽ പോലും ആവശ്യക്കാരെ മൊബൈലിലൂടെ വിളിച്ചുവരുത്തി ലഹരി വിൽപന നടത്താൻ സംഘം തന്നെ പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു.
വിദ്യാർഥികളടക്കമുള്ള യുവാക്കൾ ഈ ലോബിക്കു പിന്നിൽ പ്രവർത്തിക്കുന്നതായി സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഒഴിഞ്ഞ കെട്ടിടത്തിൽ ലഹരിസംഘം തമ്പടിക്കുകയും നാട്ടുകാരെത്തിയതിനെ തുടർന്ന് സ്ഥലംവിടുകയും ചെയ്തിരുന്നു.
ലഹരിവസ്തുക്കൾ പിടിക്കപ്പെടാതിരിക്കാനായി നിരവധി സ്ഥലങ്ങളിലായി സൂക്ഷിച്ചുവെച്ചാണ് വിൽപന നടത്തുന്നത്. ലഹരി സംഘങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലഹരി മാഫിയയുടെ വിളയാട്ടം
കൊടിയത്തൂർ: മദ്യ-മയക്കുമരുന്ന് മാഫിയ വിഷുദിനത്തലേന്ന് മണിക്കൂറുകളോളം പന്നിക്കോട് അങ്ങാടിയിൽ അഴിഞ്ഞാടിയപ്പോൾ വൻ ദുരന്തമൊഴിവായത് തലനാരിഴക്ക്.
കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് പന്നിക്കോട് അങ്ങാടിയിൽ ലൗഡ് സ്പീക്കറിന്റെ സഹായത്തോടെ പാട്ടും നൃത്തവും ആരംഭിച്ചത്. കടയിലേക്ക് പടക്കമെറിയുകയും ചെയ്തു. കടക്ക് തീപിടിച്ചെങ്കിലും നാട്ടുകാരുടെയും മറ്റും നേതൃത്വത്തിൽ തീയണച്ചതിനാലാണ് വൻ ദുരന്തം ഒഴിവായത്.
അതിനിടെ, കടയുടമയെ വിളിച്ചുവരുത്തിയത് തൊട്ടടുത്ത കടക്കാരാണെന്ന് പറഞ്ഞ് ലഹരിമാഫിയ കടയിലെ ജീവനക്കാരെ മർദിച്ചു. പരിക്കേറ്റ പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവർ ചികിത്സയിലാണ്. മൂന്ന് മണിക്കൂറോളം ലഹരിമാഫിയ അക്രമം അഴിച്ചുവിട്ടിട്ടും പൊലീസ് എത്തിയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
പൊലീസ് നടപടിയെടുക്കണം
കൊടിയത്തൂർ: വിഷുത്തലേന്ന് പന്നിക്കോട് അങ്ങാടിയിൽ നടന്ന മദ്യ-മയക്കുമരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടത്തിനെതിരെ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്ന് മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി പുതുക്കുടി മജീദ് ആവശ്യപ്പെട്ടു.
പന്നിക്കോട് സ്വദേശികളായ സഫീർ, ബാസിത് എന്നിവരെ മർദിച്ചവരെ പിടികൂടി ശിക്ഷിക്കണമെന്നും പന്നിക്കോട് അടിയന്തരമായി നൈറ്റ് പട്രോളിങ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.