റിയാദ്: കോഴിക്കോട് കോടമ്പുഴ സ്വദേശി എം.പി. അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി കുടുംബത്തിന്റെ വക്കീലുമായി ഓൺലൈനിൽ കൂടിക്കാഴ്ച നടന്നു. കരാർ പ്രകാരമുള്ള ഒന്നരക്കോടി സൗദി റിയാൽ തയാറാണെന്നും തുടർനടപടികൾ ആരംഭിക്കണമെന്നും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരിയും റിയാദ് റഹീം സഹായ സമിതി അംഗങ്ങളും ആവശ്യപ്പെട്ടു. പെരുന്നാൾ അവധി കഴിഞ്ഞ് തിങ്കളാഴ്ച കോടതി ആരംഭിച്ചാലുടൻ മുൻകൂട്ടി സമയം വാങ്ങി കോടതിയിൽ ഹാജരാകും.
കുടുംബം മാപ്പ് നൽകാൻ തയാറായ വിവരം രേഖാമൂലം അറിയിക്കുകയും ചെയ്യും. പിന്നീട് കോടതി ആവശ്യപ്പെടുന്നത് അനുസരിച്ചുള്ള രേഖകൾ സമർപ്പിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു. പണം തയാറാണെന്ന് ഇന്ത്യൻ എംബസിയുടെ കത്ത് കിട്ടിയെന്നും അക്കാര്യം സൗദി കുടുംബത്തിന് നൽകുമെന്നും അറ്റോർണി പറഞ്ഞു.
കോടതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ആവുന്നത്ര വേഗത്തിൽ നടത്താമെന്നും അറ്റോർണി ഉറപ്പ് നൽകി. പ്രതി-വാദി ഭാഗം വക്കീലുമാർ സംയുക്തമായി തുടർനടപടികൾക്ക് നേതൃത്വം നൽകും. സൗദിയിൽനിന്ന് റഹീമിന്റെ കുടുംബത്തെ പ്രതിനിധീകരിച്ച് തീരുമാനങ്ങൾ അറിയിക്കുന്നതിന് റിയാദിലെ ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിനെ കുടുംബം അധികാരപ്പെടുത്തി.
വധശിക്ഷ റദ്ദ് ചെയ്യാനുള്ള ശ്രമമാണ് ആദ്യം നടക്കുക. ആ വിധി സുപ്രീം കോടതി അംഗീകരിച്ചാൽ ജയിൽ മോചനത്തിനുള്ള ശ്രമം ആരംഭിക്കും. അപ്പോഴേക്കും ഇന്ത്യയിൽനിന്ന് പണം എത്തിക്കാനുള്ള ശ്രമം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ യോഗത്തിൽ എംബസി പ്രതിനിധിയായി യൂസുഫ് കാക്കഞ്ചേരി, റിയാദ് റഹീം സഹായ സമിതി നേതാക്കളായ അഷ്റഫ് വേങ്ങാട്ട്, സി.പി. മുസ്തഫ, മുനീബ് പാഴൂർ, നജാത്തി, കുഞ്ഞോയി, സിദ്ദീഖ് തുവ്വൂർ എന്നിവർ പങ്കെടുത്തു.