വടകര: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ ഡോക്ടറുടെ രണ്ടു കോടി 18 ലക്ഷം തട്ടിയെടുത്ത കേസിൽ ഗുജറാത്ത് സ്വദേശി അറസ്റ്റിൽ. ഗുജറാത്ത് അഹമ്മദാബാദ് നരോദ സ്വദേശി ജയദീപ് മിഥേഷ് ഭായിയെയാണ് (22)കോഴിക്കോട് റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. ഡോ. എം.എ. ഹാരിസാണ് പരാതിക്കാരൻ.
പരാതിക്കാരന്റെ നഷ്ടപ്പെട്ട ഒരുകോടി18 ലക്ഷം രൂപയിൽനിന്നും ഒരു കോടി രണ്ടു ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് എത്തിയതായി അന്വേഷണത്തിലൂടെ പൊലീസ് കണ്ടെത്തിയിരുന്നു. പ്രതിയുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ നമ്പറുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിലാണ് പ്രതി ജോലി ചെയ്തിരുന്ന ത്രിബുവൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ കമ്പനിയിൽ നിന്നും ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
സംഭവത്തിൽ കൂടുതൽ പ്രതികളുടെ പങ്ക് അന്വേഷിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു. ഈ കേസിൽ രണ്ടു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഇൻസ്പെക്ടർ എം.പി. വിനീഷ് കുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്.ഐ വിനോദൻ, സീനിയർ സി.പി.ഒ മാരായ പി. രൂപേഷ്, കെ.എം. വിജു, കെ. ലിനീഷ് കുമാർ, സി.പി.ഒമാരായ ശരത് ചന്ദ്ര കുമാർ, ബി.എസ്. ജിബിൻ എന്നിവരും ഉണ്ടായിരുന്നു.